മൂന്ന് ബൈക്കുകളിലായി 14 പേരുടെ അഭ്യാസപ്രകടനം; വൈറലായി വീഡിയോ, പിന്നാലെ കേസ്
ഒരു ബൈക്കിൽ ആറുപേരും രണ്ടു ബൈക്കുകളിലായി നാലുപേരുമാണ് യാത്ര ചെയ്തിരുന്നത്
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ 14 പേർ നടത്തിയ ബൈക്ക് സ്റ്റണ്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മൂന്ന് ബൈക്കുകളിലായാണ് 14 പേർ അഭ്യാസപ്രകടനം നടത്തിയത്. ബറേലിയിലെ ഡിയോറാനിയിലായിരുന്നു സംഭവം. ഒരു ബൈക്കിൽ ആറുപേരും രണ്ടുബൈക്കുകളിലായി നാലുപേരുമാണ് യാത്ര ചെയ്തിരുന്നത്. ബറേലി-നൈനിറ്റാൾ ഹൈവേയുടെ ഭാഗങ്ങളിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തുന്നതും വീഡിയോയിൽ കാണാം.
ഞായറാഴ്ചയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ട്. അഭ്യാസപ്രകടനം പൊലീസിന്റെ കൺമുന്നിൽ വെച്ചാണ് നടന്നത്. എന്നാൽ നടപടിയെടുക്കുന്നതിന് മുമ്പ് ഇവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും വാർത്തകളുണ്ട്.
തുടർന്ന് സ്റ്റണ്ട് നടത്തിയവർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ ബൈക്കുകൾ പിടിച്ചെടുത്തതായും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും ബറേലി എസ്.എസ്.പി അഖിലേഷ് കുമാർ ചൗരസ്യ പറഞ്ഞതായി ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു.