മഹാരാഷ്ട്രയിൽ ക്രെയിൻ തകർന്ന് വീണ് 15 തൊഴിലാളികൾ മരിച്ചു: മൂന്ന് പേർക്ക് പരിക്ക്
റോഡ് നിർമാണത്തിന് കൊണ്ട് വന്ന ക്രെയിൻ തകർന്ന് കോൺക്രീറ്റ് സ്ലാബിൽ പതിച്ചാണ് അപകടമുണ്ടായത്
താനെ: മഹാരാഷ്ട്രയിൽ ക്രെയിൻ തകർന്ന് വീണ് 15 പേർ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. താനെ ജില്ലയിൽ സമൃദ്ധി എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട നിർമാണത്തിനിടെയാണ് അപകടം.
റോഡ് നിർമാണത്തിന് കൊണ്ട് വന്ന ക്രെയിൻ തകർന്ന് കോൺക്രീറ്റ് സ്ലാബിൽ പതിച്ചാണ് അപകടമുണ്ടായത്. നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മേൽ ക്രെയിൻ വീഴുകയായരുന്നു. അവർ തൽക്ഷണം മരിച്ചു. അപകടത്തിൽ 14 മൃതദേഹങ്ങൾ കണ്ടെടുത്തു. എന്‍.ഡി.ആര്‍.എഫ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തകർന്ന കെട്ടിടത്തിനുള്ളിൽ മറ്റ് അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. 701 കിലോമീറ്റർ ദൈർഘ്യമുള്ള സമൃദ്ധി മഹാമാർഗിന് മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേ എന്ന പേരമുണ്ട്. രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഹൈവേയാണ്.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എംഎസ്ആർഡിസി) ആണ് എക്‌സ്‌പ്രസ് വേയുടെ നിർമ്മാണം നടത്തുന്നത്. ഇതിന്റെ ആദ്യ ഘട്ടം നാഗ്പൂരിനെ ഷിർദ്ദിയുമായി ബന്ധിപ്പിക്കുന്നു, കഴിഞ്ഞ വർഷം ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതിയാണിത്.