'ബിജെപി വൈറസി'നെതിരെ സാനിറ്റൈസർ തളിച്ച് ശുദ്ധീകരണം; 150 പ്രവർത്തകർകൂടി കൂട്ടത്തോടെ തൃണമൂലിലേക്ക്
ബംഗാളിലെ ബിർഭൂമിൽ നടന്ന പാർട്ടി പരിപാടിയിൽ വച്ചായിരുന്നു തൃണമൂൽ നേതാക്കൾ ബിജെപി പ്രവർത്തകരെ സാനിറ്റൈസർ തളിച്ച് സ്വീകരിച്ചത്
ബംഗാളിൽ ബിജെപിയിൽനിന്ന് തൃണമൂലിലേക്കുള്ള ഒഴുക്ക് തുടരുന്നു. പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നതിന് മാപ്പുപറഞ്ഞും പ്രായശ്ചിത്തം ചെയ്തും ഗംഗാജലം കൊണ്ട് ദേഹശുദ്ധി വരുത്തിയുമെല്ലാമാണ് പലയിടത്തും പ്രവർത്തകരുടെ 'ഘർവാപസി'. അവസാനമായി ബിർഭൂമിൽ 150 ബിജെപി പ്രവർത്തകർ കൂടി തൃണമൂൽ കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്.
എന്നാൽ, ഇത്തവണ കൗതുകകരമായ രീതിയിലായിരുന്നു പ്രവർത്തകരുടെ പ്രായശ്ചിത്തം. 'ബിജെപി വൈറസി'നെതിരെ എന്നു പറഞ്ഞ് കൂട്ടത്തോടെ സാനിറ്റൈസർ തളിച്ചായിരുന്നു ഇവർ തൃണമൂലിലേക്ക് മടങ്ങിയത്. നൂറുണക്കിനു പ്രവർത്തകർ വരിവരിയായി നിൽക്കുകയും നേതാക്കന്മാർ സാനിറ്റൈസർ അടിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബിർഭൂമിലെ ഇലംബസാർ ബ്ലോക്കിലാണ് സംഭവം. ബിർഭൂമിൽ നടന്ന പാർട്ടി പരിപാടിയിൽ വച്ചായിരുന്നു തൃണമൂൽ നേതാക്കൾ മുൻപ്രവർത്തകരെ സാനിറ്റൈസർ തളിച്ച് സ്വീകരിച്ചത്. ബിജെപി വൈറസ് ശരീരത്തിലുള്ളതു കാരണമാണ് സാനിറ്റൈസർകൊണ്ട് ശുദ്ധീകരണം നടത്തിയതെന്ന് ഒരു പ്രാദേശിക തൃണമൂൽ നേതാവ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഹൂഗ്ലി ജില്ലയിൽ 200ഓളം ബിജെപി പ്രവർത്തകർ തൃണമൂലിൽ തിരിച്ചെത്തിയിരുന്നു. തല മുണ്ഡനം ചെയ്തും ഗംഗാജലം തളിച്ചുമായിരുന്നു ഇവരുടെ പ്രായശ്ചിത്തം. തൃണമൂൽ എംപി അപാരുപ പോഡാറിന്റെ നേതൃത്വത്തിലായിരുന്നു ഈ ചടങ്ങ് നടന്നത്.