മഹാരാഷ്ട്രയില്‍ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് സ്ത്രീയെയും പുരുഷനെയും ജീവനോടെ കത്തിച്ചുകൊന്നു; 15 പേര്‍ അറസ്റ്റില്‍

മേയ് ഒന്നിന് ഗ്രാമത്തിലെ ചിലർ ഒത്തുചേർന്ന് പഞ്ചായത്ത് വിളിക്കുകയും കൊല്ലപ്പെട്ട സ്ത്രീയും പുരുഷനും മന്ത്രവാദികളാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു

Update: 2024-05-04 01:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ ജീവനോടെ ചുട്ടുകൊന്നു. ജമ്‌നി ദേവാജി തെലാമി (52), ദേശു കാട്ടിയ അത്‌ലമി (57) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മേയ് ഒന്നിന് ഗ്രാമത്തിലെ ചിലർ ഒത്തുചേർന്ന് പഞ്ചായത്ത് വിളിക്കുകയും കൊല്ലപ്പെട്ട സ്ത്രീയും പുരുഷനും മന്ത്രവാദികളാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. മൂന്നര വയസ്സുള്ള ആരോഹി ബന്ദു തെലാമി എന്ന കുട്ടി മന്ത്രവാദം മൂലമാണ് മരിച്ചതെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. കുട്ടിയുടെ മരണത്തിൽ രോഷാകുലരായ ഗ്രാമവാസികൾ ഇവരെ പിടികൂടുകയും മർദിക്കുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. സംഭവത്തിൻ്റെ ഗൗരവവും തീവ്രതയും കണക്കിലെടുത്ത് പോലീസ് സൂപ്രണ്ട് (എസ്പി) ഗഡ്ചിരോളി നിലോത്പാൽ, ഇതപ്പള്ളി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചൈതന്യ കദം, ഓഫീസർ നീലകാന്ത് കുക്‌ഡെ എന്നിവർ അന്വേഷണം ആരംഭിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇതപ്പള്ളി ഇൻ ചാർജ് ഓഫീസർക്ക് നിർദേശം നൽകി.

അജയ് ബാപ്പു തെലാമി, ഭൗജി ശത്രു തെലാമി, അമിത് സമ മദവി, മിർച്ച തെലാമി, ബാപ്പു കന്ദ്രു തെലാമി, സോംജി കന്ദ്രു തെലാമി, ദിനേഷ് കൊലു തെലാമി, ശ്രീഹരി ബിർജ തെലാമി, മധുകർ ദേശു പോയി, അമിത് എന്ന നാഗേഷ് റാംജി ഹേദോ, ഗണേഷ് ബാജു ഹേദോ, ഗണേഷ് ബാജു തെലമി, ശത്രു തെലാമി, ദേവാജി മുഹോണ്ട തെലാമി, ദിവാകർ ദേവാജി തെലാമി, ബിർജ തെലാമി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എല്ലാവരും ബർസെവാഡ ഗ്രാമത്തിലെ താമസക്കാരാണ്.പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News