ഡോക്ടർ എ.സി ഓണാക്കി ഉറങ്ങി; തണുപ്പ് താങ്ങാനാകാതെ രണ്ട് നവജാതശിശുക്കൾ മരിച്ചു
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജനിച്ച കുഞ്ഞുങ്ങളെ അന്നുതന്നെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയായിരുന്നെന്നാണ് കുടുംബം പറയുന്നത്
മുസാഫർനഗർ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിൽ തണുപ്പ്താങ്ങാനാകാതെ രണ്ട് നവജാത ശിശുക്കൾ മരിച്ചതായി പരാതി. ക്ലിനിക്കിന്റെ ഉടമയായ ഡോ.നീതു ശനിയാഴ്ച രാത്രി മുഴുവൻ എയർകണ്ടീഷണർ ഓണാക്കി വച്ചിരുന്നതായി കുഞ്ഞുങ്ങളുടെ കുടുംബം പറയുന്നു . ഞായറാഴ്ച രാവിലെ കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് പരാതി. മാതാപിതാക്കളുടെ പരാതിയിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച കൈരാനയിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജനിച്ച കുഞ്ഞുങ്ങളെ അന്നുതന്നെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയായിരുന്നെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് കുഞ്ഞുങ്ങളെ ഫോട്ടോ തെറാപ്പി യൂണിറ്റിലാക്കി. ശനിയാഴ്ച രാത്രി ഉറങ്ങാൻ വേണ്ടി ഡോ.നീതു എ.സി ഓൺ ചെയ്യുകയായിരുന്നു. പിറ്റേന്ന് കുടുംബം കുട്ടികളെ കാണാനെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും പരാതിയിൽ പറയുന്നു.
ഐപിസി സെക്ഷൻ 304 പ്രകാരം ഡോക്ടർക്കെതിരെ കേസെടുത്തതായി കൈരാന എസ്എച്ച്ഒ നേത്രപാൽ സിംഗ് പറഞ്ഞു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അശ്വനി ശർമ്മ പറഞ്ഞു. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചു.