ബംഗാളില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കള്‍ വെടിയേറ്റ് മരിച്ചു

രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ട് നേതാക്കള്‍ കൊല്ലപ്പെട്ടത്

Update: 2022-03-14 03:18 GMT
Advertising

പശ്ചിമ ബംഗാളില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് മരിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് കൊല്ലപ്പെട്ടത്.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂല്‍ കൗണ്‍സിലര്‍ അനുപം ദത്തയും പുരുലിയ ജില്ലയിലെ ജല്‍ദ മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തപന്‍ കാണ്ടുവുമാണ് കൊല്ലപ്പെട്ടത്. അഗർപാരയിലെ നോർത്ത് സ്റ്റേഷൻ റോഡിലെ പാർക്കിലൂടെ നടക്കുന്നതിനിടെയാണ് അനുപം ദത്തയ്ക്ക് നേരെ മോട്ടോർ സൈക്കിളിൽ എത്തിയ അജ്ഞാതരായ യുവാക്കൾ വെടിയുതിർത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനുപം ദത്തയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് സംഘര്‍ഷാസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

നാല് തവണ കോൺഗ്രസ് കൗൺസിലറായ തപൻ കാണ്ടുവും അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. സായാഹ്ന സവാരിക്കിടെ കൗൺസിലര്‍ക്കു നേരെ മോട്ടോർ സൈക്കിളിലെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റുവീണ തപൻ കാണ്ടുവിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ അക്രമികൾ രക്ഷപ്പെട്ടു. റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കൗൺസിലറെ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.

കൊല്ലപ്പെട്ട ഇരുവരും ജനങ്ങളുടെ പ്രിയപ്പെട്ട നേതാക്കളായിരുന്നുവെന്ന് ഇരു പാര്‍ട്ടികളും പ്രതികരിച്ചു. നൈഹാത്തിയിലെ തൃണമൂല്‍ എംഎൽഎ പാർത്ഥ ഭൗമിക് പറഞ്ഞതിങ്ങനെ- "അനുപം ദത്ത പ്രദേശത്തെ ജനപ്രിയ നേതാവായിരുന്നു. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ്. പിന്നില്‍ ബിജെപിയാണോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പ്രദേശത്ത് ബിജെപിയെ അദ്ദേഹം തോല്‍പ്പിച്ചു എന്നത് സത്യമാണ്. ഇത് അവരെ രോഷാകുലരാക്കി." തപൻ കാണ്ടുവിന്‍റേതും രാഷ്ട്രീയ കൊലയാണെന്ന് പുരുലിയയിലെ കോൺഗ്രസ് നേതാവ് നേപാൾ മഹാതോ പറഞ്ഞു.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News