തോക്കുചൂണ്ടി ബാങ്ക് കവർച്ചയ്ക്ക് ശ്രമം; സംഘത്തെ തുരത്തി വനിതാ പൊലീസ്
'എന്ത് സംഭവിച്ചാലും ബാങ്ക് കൊള്ളയടിക്കാനോ ആയുധം പ്രയോഗിക്കാനോ അവരെ അനുവദിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു'
പറ്റ്ന: ബിഹാറില്‍ ബാങ്ക് കവര്‍ച്ചാശ്രമം തടഞ്ഞ് രണ്ട് വനിതാ പൊലീസുകാര്‍. തോക്കിന്‍മുനയില്‍ നിര്‍ത്തിയ കവര്‍ച്ചക്കാരെ തുരത്തിയത് വനിതാ കോണ്‍സ്റ്റബിള്‍മാരുടെ മനസാന്നിധ്യവും തക്കസമയത്തെ ഇടപെടലുമാണ്. ബിഹാറിലെ ഹാജിപൂരിലാണ് സംഭവം.
ജൂഹി കുമാരിയും ശാന്തി കുമാറും സെന്‍ഡുവാരി ചൗക്കിൽ ഉത്തർ ബിഹാർ ഗ്രാമീൺ ബാങ്കിന്‍റെ മുന്‍പില്‍ ഇരിക്കുകയായിരുന്നു. സദർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ബാങ്ക്. രാവിലെ 11 മണിയോടെ മൂന്നംഗ സംഘമെത്തുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംശയം തോന്നി വനിതാ പൊലീസ് പാസ്ബുക്ക് ആവശ്യപ്പെട്ടപ്പോള്‍ അക്രമികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഉടന്‍ ജൂഹിയും ശാന്തിയും അവരെ നേരിട്ടു. റൈഫിള്‍ സ്വന്തമാക്കാനുള്ള അക്രമികളുടെ ശ്രമം പൊലീസുകാരികള്‍ പരാജയപ്പെടുത്തി. ഇതോടെ പരിഭ്രാന്തരായ കവര്‍ച്ചക്കാര്‍ കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് ഓടി.
"അവർ ഞങ്ങളുടെ റൈഫിളുകൾ തട്ടിയെടുക്കാൻ ശ്രമിച്ചു. പക്ഷേ എന്ത് സംഭവിച്ചാലും ബാങ്ക് കൊള്ളയടിക്കാനോ ആയുധം പ്രയോഗിക്കാനോ അവരെ അനുവദിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ജൂഹി അവരുടെ നേരെ തോക്കുചൂണ്ടി. വെടിവെയ്ക്കുമെന്ന ഘട്ടത്തില്‍ അക്രമികള്‍ ഓടുകയായിരുന്നു"- ശാന്തി പറഞ്ഞു. അതിനിടെ ജൂഹിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കവര്‍ച്ചാസംഘത്തെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങി
"രാവിലെ 11 മണിയോടെ സെൻദുവാരിയിൽ മൂന്ന് പേർ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചു. ഞങ്ങളുടെ വനിതാ കോൺസ്റ്റബിൾമാർ അസാധാരണമായ ധൈര്യം കാണിച്ച് അവരെ ഭയപ്പെടുത്തി. കോൺസ്റ്റബിൾമാർക്ക് പാരിതോഷികം നൽകും"- പൊലീസ് ഓഫീസർ ഓം പ്രകാശ് പറഞ്ഞു.
Summary- It took less than a second and not a moment's hesitation for two women police constables guarding a bank in Bihar's Hajipur to decide they would have none of it when three armed robbers tried to force their way into a bank on Wednesday