പോൺസൈറ്റുകളിൽ ഇന്ത്യക്കാർക്കായി വലവിരിച്ച് ചൈനീസ് തട്ടിപ്പുസംഘം; നാലു ദിവസത്തിനിടെ വാങ്ങിയത് 2,000 ഡൊമൈനുകള്‍
പോണാണെന്ന് കരുതി ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്ന ഒരു പ്രോഗ്രാമാണ് തുറക്കുക
ന്യൂഡൽഹി: പോൺ വെബ്‌സൈറ്റുകൾ സ്വന്തമാക്കി ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് ചൈനീസ് സൈബർ തട്ടിപ്പുസംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഡൊമൈനിലുള്ള അശ്ലീലചിത്രങ്ങളും മറ്റ് അപകടകരമായ ഉള്ളടക്കമുള്ളതുമടങ്ങുന്ന വെബ്‌സൈറ്റുകൾ വാങ്ങിയാണ് ചൈനീസ് സംഘത്തിന്റെ ഗൂഢനീക്കം. ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തി തട്ടിപ്പുനടത്തുകയാണ് സംഘം ചെയ്യുന്നത്.
നാഷനൽ സൈബർക്രൈം ത്രെട്ട് അനലിറ്റിക്‌സ് വിഭാഗമാണ് വിവരം പുറത്തുവിട്ടത്. കഴിഞ്ഞ നാലു ദിവസത്തിനിടെ മാത്രം ഇത്തരത്തിൽ 2,000ത്തോളം വെബ്‌സൈറ്റുകൾ ചൈനീസ് സൈബർ തട്ടിപ്പുസംഘം വാങ്ങിയതായി റിപ്പോർട്ടിൽ 'ന്യൂസ്18' റിപ്പോർട്ട് ചെയ്തു. പോൺ, വാതുവയ്പ്പ് ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങളുള്ള വെബ്‌സൈറ്റാണ് ഇവയെല്ലാം.
ആൻഡ്രോയ്ഡ് ഫോണിലും മറ്റ് ഡിവൈസുകളിലും ഈ വെബ്‌സൈറ്റ് തുറക്കുമ്പോൾ ദുരൂഹമായ .apk ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഐഫോണിൽ .mobile ഫയലുകളാണ് ഡൗൺലോഡ് ചെയ്യാൻ നിർദേശിക്കുക. ഇത് ഡൗൺലോഡ് ചെയ്യുന്നതോടെ മാൽവെയർ വഴി ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും കടന്നുകയറുകയും വ്യക്തിവിവരങ്ങളും മറ്റും ചോർത്തുകയാണ് ചെയ്യുന്നതെന്ന് സൈബർക്രൈം വിഭാഗം വെൡപ്പെടുത്തി.
പോണാണെന്ന് കരുതി ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്ന ഒരു പ്രോഗ്രാം പ്രവർത്തിക്കാൻ തുടങ്ങും. സൈബർ സാക്ഷരത കുറഞ്ഞവർ പെട്ടെന്ന് ഇതിൽ അകപ്പെടും. എന്നാൽ, സൈബർ ലോകത്തെക്കുറിച്ച് അത്യാവശ്യം ധാരണയുള്ളവരെയും കബളിപ്പിക്കാനുള്ള വിദ്യ തട്ടിപ്പുസംഘത്തിനടുത്തുണ്ട്. മികച്ച റേറ്റിങ്ങുള്ള വെബ്‌സൈറ്റായിരിക്കും ഇവയിൽ പലതും. ഇതുകണ്ടായിരിക്കും പലരും ലിങ്കിൽ ക്ലിക്ക് ചെയ്യുക. എന്നാൽ, നേരെ സൈബർ തട്ടിപ്പിന്റെ വലയിലായിരിക്കും ഇവർ ചെന്നുവീഴുക.
ഇത്തരം വെബ്‌സൈറ്റുകൾ കണ്ടെത്തി സൈബർ വിഭാഗം നിരോധിക്കുമ്പോൾ പുതിയ സൈറ്റുകൾ വാങ്ങിക്കൂട്ടുകയാണ് സംഘം ചെയ്യുന്നത്. ഇത്തരം നിരവധി വെബ്‌സൈറ്റുകൾ നാഷനൽ സൈബർക്രൈം ത്രെട്ട് വിഭാഗത്തിന്റെ നിരീക്ഷണത്തിലുണ്ട്. വെബ്‌സൈറ്റ് ഡൊമൈനുകൾ സ്വന്തമാക്കിയുള്ള തട്ടിപ്പ് തടയാൻ സർക്കാർ നടപടികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Summary: 2,000-plus domains bought in 4 days by Chinese fraudsters eyeing Indian data breach through pornography