കന്യാകുമാരിയിൽ മോദിക്ക് സുരക്ഷയൊരുക്കാൻ 2000 പൊലീസ്; കച്ചവടത്തിനും മത്സ്യബന്ധനത്തിനുമുള്ള വിലക്കിൽ വലഞ്ഞ് സാധാരണക്കാർ
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് 10 ദിവസം മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ടായിരുന്നു, മോദിയുടെ സന്ദർശനം കാരണം ഇപ്പോൾ മൂന്ന് ദിവസങ്ങൾ കൂടി നഷ്ടമായെന്ന് മത്സ്യത്തൊഴിലാളി പറയുന്നു
രണ്ടുദിവസത്തെ ധ്യാനത്തിനായി മോദി കന്യാകുമാരിയിലെത്തിയതോടെ പ്രതിസന്ധിയിലായത് മത്സ്യത്തൊഴിലാളികളും വ്യാപാരികളുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷയൊരുക്കാൻ രണ്ടായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിനും കച്ചവടത്തിനും സുരക്ഷാസേന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കന്യാകുമാരിയുടെ വിവിധയിടങ്ങളിലായി രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചതായി തിരുനെൽവേലി റേഞ്ച് ഡി.ഐ.ജി പ്രവേഷ് കുമാർ അറിയിച്ചു. ഡൽഹിയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെയാണ് പൊലീസ് സേന. നാവിക സേനയും തീരസംരക്ഷണ സേനയും വിവേകാനന്ദപ്പാറയ്ക്ക് ചുറ്റും കപ്പലിൽ സുരക്ഷാ വലയം തീർത്തിട്ടുണ്ട്.
വി.വി.ഐ.പി സുരക്ഷയുടെ പേരിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ തങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചെന്ന് മത്സ്യത്തൊഴിലാളികളും വ്യാപാരികളും പറയുന്നു. വിവേകാനന്ദപ്പാറയിലേക്ക് വിനോദ സഞ്ചാരികൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയതോടെ കച്ചവടത്തെയും ബാധിച്ചുവെന്ന് വ്യാപാരികൾ പറയുന്നു. അഞ്ച് കിലോമീറ്റർ പരിധിയിൽ മീൻപിടുത്തവും വിലക്കിയ സുരക്ഷാസേന, തീര പ്രദേശങ്ങളിലെ 42 മത്സ്യബന്ധന ഗ്രാമങ്ങളിലും കനത്ത നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.
വളരെ കുറഞ്ഞ വരുമാനമാണ് ദിവസവും കടലിൽപ്പോയാൽ ലഭിക്കുന്നത്. രണ്ട് ദിവസത്തെ വിലക്കുവന്നതോടെ വരുമാനം പൂർണമായും മുടങ്ങിയെന്ന് സാധാരണക്കാർ പറയുന്നു. പൂമ്പുഹാർ ഷിപ്പിംഗ് കോർപ്പറേഷൻ ജെട്ടിക്ക് സമീപം വാവത്തുറൈ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് അടുത്ത മൂന്ന് ദിവസങ്ങളിൽ ശനിയാഴ്ച വരെ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മെയ് 16 മുതൽ ഞങ്ങൾ 10 ദിവസത്തെ മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ടായിരുന്നു.മോദിയുടെ സന്ദർശനം കാരണം ഞങ്ങൾക്ക് ഇപ്പോൾ മൂന്ന് ദിവസങ്ങൾ കൂടി നഷ്ടമായെന്ന് കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളിയായ 52 കാരനായ എ.വിൽസൺ ദ ഹിന്ദുവിനോട് പറഞ്ഞു.
ചെറിയ ബോട്ടുകൾ ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികൾ ദിവസവും 12 നോട്ടിക്കൽ മൈൽ വരെ പോകാറുണ്ട്. എന്നാൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും അവരെ തടഞ്ഞു. അതുകൊണ്ട് ബുധനാഴ്ച രാത്രി തീരത്ത് നിന്ന് വെറും രണ്ട് നോട്ടിക്കൽ മൈൽ വരെ മാത്രമാണ് പോയത്. അതുകൊണ്ട് തന്നെ കാര്യമായ മത്സ്യംലഭിച്ചില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതിനൊപ്പം കർശനമായ സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും കാരണം വ്യാപാരികൾ കച്ചവടത്തിൽ നിന്ന് വിട്ടുനിന്നതും തിരിച്ചടിയായി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 4,000 രൂപയ്ക്ക് വിറ്റിരുന്ന 15 കിലോ മീനിന് 1,500 രൂപ മാത്രമാണ് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അതെ സമയം കന്യാകുമാരിയിലെത്തുന്ന മോദിയെ സന്ദർശിക്കുന്നതിൽ നിന്ന് തമിഴ്നാട്ടിലെ ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കും കേന്ദ്ര നേതൃത്വം വിലക്കേർപ്പെടുത്തി. മോദിയുടെ സ്വകാര്യ സന്ദർശനമാണെന്നും അതുകൊണ്ട് ആരും കന്യാകുമാരിയിലെത്തേണ്ടെന്നാണ് നേതൃത്വം നിർദേശിച്ചിരിക്കുന്നത്. ഹെലികോപ്ടർ ഇറങ്ങിയ ഗവ.ഗസ്റ്റ് ഹൗസ് പരിസരത്ത് മോദിയെ സ്വീകരിക്കുന്നതിനെത്തിയ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പൊൻ രാധാകൃഷ്ണന് അനുമതി നിഷേധിക്കപ്പെട്ടു. ഇതിന് പിന്നാലെ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ കന്യാകുമാരിയിലേക്കുള്ള യാത്ര റദ്ദാക്കി.
അതെസമയം മോദിയുടെ ധ്യാനപരിപാടിക്കെതിരെ എതിർപ്പുമായി വിവിധ രാഷ്ട്രിയ പാർട്ടികളും സംഘടനകളും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മോദിക്കും അമിത്ഷാക്കുക്കെമെതിരെ തന്തൈ പെരിയാർ ദ്രാവിഡ കഴകം, വിടുതലൈ ശിറുതൈകൾ കക്ഷി, ആദി തമിഴർ പേരവൈ തുടങ്ങിയ സംഘടനകളുടെ ആഭ്യമുഖ്യത്തിൽ മധുരയിൽ കരിങ്കൊടി പ്രയോഗം നടത്തി. ചെന്നെ നഗരത്തിന്റെ വിവിധയിടങ്ങളിൽ ഗോ ബാക്ക് മോദി എന്ന പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.