വിവാദ ഐ.എ.എസ് ഓഫീസർ പൂജ ഖേദ്ക്കറുടെ വാഹനത്തിന് 21 പിഴ നോട്ടീസുകൾ
അടക്കാനുള്ളത് 27,000 രൂപയുടെ പിഴയെന്ന് പൂനെ സിറ്റി ട്രാഫിക് പൊലീസ്
പുനെ: സ്വകാര്യ കാറിൽ അനധികൃതമായി ബീക്കണും മഹാരാഷ്ട്ര സർക്കാർ മുദ്രയും പതിച്ച ഐ.എ.എസ് പ്രൊബേഷണർ ഓഫീസർ ഡോ. പൂജാ ഖേദ്കറിന്റെ വാഹനത്തിനുള്ളത് 21 പിഴ നോട്ടീസുകൾ.
27,000 രൂപയുടെ പിഴയാണ് പൂജാ ഖേദ്ക്കർ ഉപയോഗിച്ച കാറിന് ലഭിച്ചിരിക്കുന്നത്. പൂജയാണ് കാർ ഉപയോഗിക്കുന്നതെങ്കിലും സ്വകാര്യ എഞ്ചിനീയറിംഗ് കമ്പനിയുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. കാർ ഉപയോഗിക്കുന്ന പൂജക്ക് പൂനെ സിറ്റി ട്രാഫിക് പൊലീസ് വ്യാഴാഴ്ച പുതിയ നോട്ടീസ് അയച്ചു. ബീക്കൺ അനധികൃതമായി ഉപയോഗിച്ചതിന് നൽകിയത് കാറിന്റെ 22-ാമത്തെ ചലാനാണെന്ന് പൊലീസ് അറിയിച്ചു.
പ്രൊബേഷൻ കാലയളവിലെ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതി ഉയർന്നതിനെ തുടർന്ന് പൂജയെ സ്ഥലം മാറ്റിയിരുന്നു. ജോയിൻ ചെയ്യുന്നതിന് മുമ്പ് തന്നെ പ്രത്യേക ഓഫീസും ഔദ്യോഗിക കാറും വേണമെന്ന ആവശ്യം ഉന്നയിച്ചതിനൊപ്പം സ്വകാര്യ കാറിൽ ബീക്കണും സംസ്ഥാന സർക്കാർ മുദ്രയും പതിപ്പിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ സ്ഥലം മാറ്റിയത്.
ഓഡി കാറിനെതിരെ നടപടിയെടുക്കാൻ വ്യാഴാഴ്ച പൂനെ സിറ്റി പൊലീസിന്റെ ട്രാഫിക് കൺട്രോൾ വിഭാഗം വീട്ടിലെത്തിയെങ്കിലും ആരും ഗേറ്റ് തുറന്നില്ല. അതെസമയം പൂജ ഖേദ്കർ വിവാദം അന്വേഷിക്കാൻ കേന്ദ്രം സമിതിക്ക് രൂപം നൽകി.