12 വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷം പേർ; കഴിഞ്ഞവർഷം മാത്രം രണ്ടേകാൽ ലക്ഷത്തിലധികം
ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 2022ലാണെന്നും കേന്ദ്രം
ന്യൂഡൽഹി: 2011 മുതൽ 16 ലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം മാത്രം പൗരത്വം ഉപേക്ഷിച്ചത് 2,25,620 പേരാണെന്നും കേന്ദ്രസർക്കാർ റിപ്പോർട്ട്. 2011 മുതൽ ഏറ്റവും കൂടുതൽ പൗരത്വം ഉപേക്ഷിച്ചത് കഴിഞ്ഞവർഷമാണെന്നും കണക്കുകൾ പറയുന്നു. 2020ൽ പൗരത്വം ഉപേക്ഷിച്ചത് 85,256 പേരാണ് പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2015-ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആണ്. 2016-ൽ 1,41,603 പേരും 2017-ൽ 1,33,049 പേരും പൗരത്വം വേണ്ടെന്ന് വെച്ചു. 2018ൽ ഇത് 1,34,561 ആയിരുന്നെങ്കിൽ 2019ൽ 1,44,017 പേർ പൗരത്വം ഉപേക്ഷിച്ചെന്നും ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി ജയശങ്കർ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് ഇന്ത്യൻ പൗരന്മാർ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പൗരത്വം നേടിയതായി അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും ജയശങ്കർ നൽകി.
അടുത്തിടെ യുഎസ് കമ്പനികൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഇന്ത്യക്കാരായ ജീവനക്കാരുടെ പ്രശ്‌നത്തെക്കുറിച്ച് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. പിരിച്ചുവിട്ടവരിൽ നിശ്ചിത ശതമാനം എച്ച്-1 ബി, എൽ1 വിസയിലുള്ള ഇന്ത്യൻ പൗരന്മാരാണ്. തൊഴിലാളികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ യുഎസ് സർക്കാരുമായി നിരന്തരം ഉന്നയിക്കുന്നുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.