കുടക് ജില്ലയിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർമിച്ച് നൽകുന്ന 25 വീടുകൾ കൈമാറി
2019ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് വീടുകൾ നിർമിച്ചു നൽകിയത്.
കുടക്: കർണാടകയിലെ കുടക് ജില്ലയിൽ പീപ്പിൾസ് ഫൗണ്ടേഷൻ കേരള നിർമിച്ച് നൽകുന്ന വീടുകൾ കൈമാറി. സിദ്ദപുരയിൽ നിർമിച്ച 25 വീടുകളുടെ താക്കോലുകളാണ് സംഘടന, ഉടമകൾക്ക് കൈമാറിയത്. പീപ്പിൾസ് വില്ലേജിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
2019ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്കാണ് കുടകിലെ സിദ്ദപുരയിൽ പീപ്പിൾസ് ഫൗണ്ടേഷൻ വീടുകൾ നിർമിച്ചു നൽകിയത്.
കൺസ്യൂമർ സ്റ്റോർ, കമ്യൂണിറ്റി സെൻ്റർ, പ്രീ സ്കൂൾ, അംഗൻവാടി, സ്വയംതൊഴിൽ പരിശീലന കേന്ദ്രം, കളിസ്ഥലം എന്നിവയെല്ലാമടങ്ങുന്ന പീപ്പിൾസ് വില്ലേജിൻ്റെ ഉദ്ഘാടനം ശ്രീ ശ്രീ ശാന്തമല്ലികാർജുന സ്വാമിജി, ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷൻ എം ഐ അബ്ദുൽ അസീസ്, കർണാടക അധ്യക്ഷൻ ഡോ. ബൽഗാമി മുഹമ്മദ് സാദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
മൂന്ന് സെന്റ് ഭൂമിയിൽ രണ്ട് കിടപ്പുമുറികൾ അടങ്ങുന്ന വീടുകളാണ് കൈമാറിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവർ ത്തിക്കുന്ന ടച്ച് ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ് പീപ്പിൾസ് വില്ലേജ് നിർമിച്ചിരിക്കുന്നത്.
പീപ്പിൾസ് ഫൗണ്ടേഷൻ പ്രസിഡന്റ് എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജമാഅതത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി മുജീബ് റഹ്മാൻ, കർണാടക പ്രതിപക്ഷ ഉപനേതാവ് യു.ടി ഖാദർ, പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹകീം, ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിം യു. അബ്ദുസ്സലാം തുടങ്ങിയവർ പങ്കെടുത്തു.