ബിഹാറിൽ ഖനനവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ മണൽമാഫിയ ​ഗുണ്ടാ ആക്രമണം; വനിതാ ഇൻസ്പെക്ടറെ വലിച്ചിഴച്ചു; 44 പേർ അറസ്റ്റിൽ

അക്രമാസക്തരായ ​സംഘം ഉദ്യോഗസ്ഥരെ ഓടിക്കുന്നതും വടികൊണ്ട് അടിക്കുന്നതും കല്ലെറിയുന്നതും ഉദ്യോ​ഗസ്ഥയെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Update: 2023-04-18 02:15 GMT
Advertising

പട്ന: ബിഹാറിലെ പട്നയിൽ ഖനന വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ മണൽമാഫിയാ ​ഗുണ്ടകളുടെ ആക്രമണം. അനധികൃത മണൽക്കടത്ത് പരിശോധനയ്ക്കെത്തിയപ്പോഴാണ് വനിത ഉൾപ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥർ‌ക്ക് നേരെ ആക്രമണം ഉണ്ടായത്. ബിഹ്ത മേഖലയിലെ കൊയിൽവാർ പാലത്തിന് സമീപം ഇന്നലെയാണ് സംഭവം.

ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണുമായി എത്തിയ രണ്ട് വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് മാഫിയാ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. അക്രമാസക്തരായ ​സംഘം ഉദ്യോഗസ്ഥരെ ഓടിക്കുന്നതും വടികൊണ്ട് അടിക്കുന്നതും കല്ലെറിയുന്നതും വനിതാ ഉദ്യോ​ഗസ്ഥയെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൽ ജില്ലാ മൈനിങ് ഓഫീസർ കുമാർ ഗൗരവ്, മൈനിങ് ഇൻസ്പെക്ടർമാരായ സയ്യിദ് ഫർഹീൻ, അമ്യാകുമാരി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണ ദൃശ്യങ്ങൾ ചിലർ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇവരുൾപ്പെടെ വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് നേരെ അസഭ്യം പറയുകയും ഉപദ്രവിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

മണൽ നിറച്ച ട്രക്കുകൾ സംഭവസ്ഥലത്ത് നിന്ന് പോവുന്നതും ഇതിനടുത്ത് നിൽക്കുന്ന ഉദ്യോ​ഗസ്ഥർക്കടുത്തേക്ക് പാഞ്ഞെത്തി 'അവരെ അടിക്ക്, അടിക്ക്' എന്ന് ഒരാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. തുടർന്ന് ആൾക്കൂട്ടം മൂവരെയും വളയുകയും വടികൊണ്ട് മർദിക്കുകയുമായിരുന്നു.

"ബിഹ്ത മേഖലയിലെ അനധികൃത ഖനനം തടയുന്നതിന്റെ ഭാഗമായി ഒരു സംഘം പരിശോധനയ്ക്കായി എത്തിയ സമയത്താണ് സംഭവം. കൊയിൽവാർ പാലത്തിന് സമീപം എത്തിയപ്പോൾ ഉദ്യോഗസ്ഥരെ സാമൂഹിക വിരുദ്ധർ ആക്രമിച്ചു. പ്രതികൾ കല്ലെറിയാൻ തുടങ്ങിയതോടെ അമ്യാ കുമാരി എന്ന ഉദ്യോ​ഗസ്ഥയ്ക്കുൾപ്പെടെ പരിക്കേറ്റു"- പട്‌ന ജില്ലാ ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തിൽ 44 പേരെ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 50 ഓളം വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

അന്വേഷണം നടക്കുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സംഭവത്തിന്റെ സൂത്രധാരനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സീനിയർ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര വ്യക്തമാക്കി.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News