ഗുജറാത്തിലെ സ്റ്റീൽ ഫാക്ടറിയിൽ ലോഹം ദേഹത്തേക്ക് ഉരുകി വീണ് 3 പേർക്ക് ദാരുണാന്ത്യം
ഇരുമ്പ് ഉരുക്കി മോൾഡിലേക്ക് മാറ്റുന്നതിനിടെ ലോഹം പുറത്തേക്ക് ഒഴുകുകയായിരുന്നു
ഗാന്ധിനഗർ: ഗുജറാത്തിലെ സ്റ്റീൽ ഫാക്ടറിയിൽ ലോഹം ദേഹത്തേക്ക് ഉരുകി വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കച്ചിൽ അൻജാർ പട്ടണത്തിലുള്ള ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നാലു പേരെ സ്വാകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അൻജാറിലുള്ള കീമോ സ്റ്റീൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിൽ ഞായറാഴ്ച പുലർച്ചെയായിരുന്നും സംഭവം. ടിഎംടി ബാറുകൾ നിർമിക്കുന്ന ഫാക്ടറിയാണിത്. ഇരുമ്പ് അയിര് ഉരുക്കി, ഈ സ്റ്റീൽ പ്രത്യേക മോൾഡിലാക്കി പ്രോസസ് ചെയ്‌തെടുക്കുന്നവയാണ് ടിഎംടി ബാറുകൾ. ഇതിൽ ഇരുമ്പ് ഉരുക്കി മോൾഡിലേക്ക് മാറ്റുന്നതിനിടെ ലോഹം പുറത്തേക്ക് ഒഴുകുകയായിരുന്നു.
സഭവത്തിന്റെ വീഡിയോ വ്യാപകമായാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോയിൽ ആളുകൾ ദേഹത്ത് തീപിടിച്ച് ഓടുന്നതും മറ്റും വ്യക്തമായി കാണാം. സംഭവത്തിൽ കമ്പനി ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.