സുകേഷിനെ തിഹാര്‍ ജയിലില്‍ കാണാനെത്തിയത് നാല് നടിമാര്‍; പരിശോധനയില്ലാതെ കടത്തിവിട്ടു, സമ്മാനമായി നല്‍കിയത് ലക്ഷങ്ങളും ആഡംബര വസ്തുക്കളും

ഇന്നോവയിലാണ് നടിമാരെ ജയിലിനുള്ളില്‍ എത്തിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് പോലും ചോദിക്കാതെ എല്ലാവരെയും അകത്തു കടത്തിവിട്ടു.

Update: 2022-09-15 15:16 GMT
Advertising

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിനെ നാല് നടിമാര്‍ ജയിലിലെത്തി സന്ദർശിച്ചെന്ന് ഇ.ഡിയുടെ കുറ്റപത്രം. നികിത തംബോലി, ചാഹത് ഖന്ന, സോഫിയ സിങ്, അരുഷ പാട്ടീൽ എന്നീ നടിമാരാണ് സുകേഷ് ആവശ്യപ്പെട്ട പ്രകാരം തിഹാര്‍ ജയിലില്‍ എത്തിയത്. സുകേഷിന്റെ അനുയായി പിങ്കി ഇറാനിയാണ് ഇവരെ ജയിലില്‍ എത്തിച്ചത്.

സ്വന്തം പേരും തന്‍റെ പേരിലുള്ള കുറ്റങ്ങളും സുകേഷ് നടിമാരില്‍ നിന്നും മറച്ചുവെച്ചു. ഇന്നോവയിലാണ് നടിമാരെ ജയിലിനുള്ളില്‍ എത്തിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് പോലും ചോദിക്കാതെ എല്ലാവരെയും അകത്തു കടത്തിവിട്ടു. സന്ദർശനത്തിനു പകരമായി പണവും വിലകൂടി സമ്മാനങ്ങളും നടിമാർക്കു സുകേഷ് നല്‍കിയെന്ന് ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.ജയിലിനുള്ളില്‍ സുകേഷിന്‍റെ ഓഫീസ് എന്ന് പരിചയപ്പെടുത്തിയ മുറിയില്‍ നിരവധി ആഡംബര വസ്തുക്കളുണ്ടായിരുന്നുവെന്ന് നടിമാര്‍ മൊഴി നല്‍കിയെന്നും ഇ.ഡി പറയുന്നു.

ബിഗ് ബോസ് താരം നികിത തംബോലിയുടെ മൊഴിപ്രകാരം ശേഖർ എന്ന പേരിലാണ് പിങ്കി ഇറാനി സുകേഷിനെ പരിചയപ്പെടുത്തിയത്. സിനിമാ നിർമാതാവും സുഹൃത്തുമാണെന്നാണ് പറഞ്ഞത്. രണ്ടു തവണ നികിത സുകേഷിനെ തിഹാർ ജയിലിനുള്ളിൽ കണ്ടുമുട്ടിയതായി ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നു. 2018 ഏപ്രിലിലെ ആദ്യ സന്ദർശനത്തിന് ശേഷം പിങ്കി ഇറാനിക്ക് സുകേഷ് 10 ലക്ഷം രൂപ നല്‍കി. അതിൽ 1.5 ലക്ഷം നികിതയ്ക്കു നൽകി. രണ്ടോ മൂന്നോ ആഴ്‌ചയ്‌ക്കു ശേഷം, നികിത ഒറ്റയ്ക്കു സുകേഷിനെ കാണാൻ പോയപ്പോൾ രണ്ടു ലക്ഷം രൂപയും വിലകൂടിയ ബാഗും നൽകിയെന്നും ഇ.ഡിയുടെ കുറ്റപത്രത്തിലുണ്ട്.

2021 ഡിസംബർ 15നാണ് ഇ.ഡി നികിതയുടെ മൊഴി രേഖപ്പെടുത്തിയത്. 2018ൽ വാട്സ്ആപ്പ് വഴിയാണ് പിങ്കി തന്നെ സമീപിച്ചതെന്നും സിനിമാ കോർഡിനേറ്ററും നിർമാതാവുമാണെന്നാണ് പറഞ്ഞതെന്നും നികിത മൊഴി നല്‍കി. ജയിലില്‍ ഒരു സുരക്ഷാ പരിശോധനയും ഉണ്ടായില്ല. ഒരു കേസില്‍ ജയിലില്‍പ്പെട്ടതാണെന്നും 2018 ആഗസ്തില്‍ ജാമ്യം ലഭിക്കുമെന്നും സുകേഷ് പറഞ്ഞു. ജയിലില്‍ സുകേഷിന്‍റെ മുറിയില്‍ വില കൂടിയ വസ്തുക്കളുണ്ടായിരുന്നുവെന്നും നികിതയുടെ മൊഴിയിലുണ്ട്.

ചാനല്‍ ഉടമയായ ശേഖർ റെഡ്ഡി എന്നാണ് സുകേഷിനെ പിങ്കി തനിക്കു പരിചയപ്പെടുത്തിയതെന്ന് നടി ചാഹത് ഖന്ന ഇ.ഡിക്കു നൽകിയ മൊഴിയിൽ പറയുന്നു. 2018 മെയിലാണ് ചാഹത്, സുകേഷിനെ തിഹാർ ജയിലില്‍ സന്ദര്‍ശിച്ചത്. പകരമായി നടിക്ക് രണ്ട് ലക്ഷം രൂപയും വാച്ചും പിങ്കി ഇറാനി നൽകിയെന്ന് ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു. സിസിടിവിയില്‍ പതിയാതിരിക്കാന്‍ ജയിലിനുള്ളില്‍ മുഖം കുനിച്ച് നടക്കാന്‍ പിങ്കി ചാഹതിനോട് പറഞ്ഞെന്നും കുറ്റപത്രത്തിലുണ്ട്. ജയലളിതയുടെ ബന്ധുവെന്നാണ് സുകേഷ് അവകാശപ്പെട്ടത്. ഒരു തെരഞ്ഞെടുപ്പ് കേസിലാണ് തന്നെ ജയിലിലടച്ചതെന്നും ഉടന്‍ ജാമ്യം കിട്ടുമെന്നും സുകേഷ് ചാഹതിനോട് പറഞ്ഞെന്നും ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.

ഒരു സിനിമയുമായി ബന്ധപ്പെട്ടാണ് സുകേഷ് ചന്ദ്രശേഖറിനെ കാണാൻ പിങ്കി തന്നെ സമീപിച്ചതെന്നാണ് നടി സോഫിയ സിങ് ഇ.ഡി ഉദ്യോഗസ്ഥർക്കു നൽകിയ മൊഴി. 2018 മെയിലെ ആദ്യ സന്ദർശനത്തിനുശേഷം സുകേഷ് സോഫിയയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചു. 15 ദിവസത്തിനു ശേഷമായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം. അപ്പോൾ 1.5 ലക്ഷം രൂപയും വിലകൂടിയ ബാഗും സുകേഷ് നൽകിയതായി ഇ.ഡി കുറ്റപത്രത്തിലുണ്ട്.

സുകേഷ് ചന്ദ്രശേഖറിനെ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലെന്നും വാട്സാപ്പിൽ ചാറ്റു ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് നടി അരുഷ പാട്ടീൽ നൽകിയ മൊഴി. സുകേഷ് 5.20 ലക്ഷം രൂപ നല്‍കിയെന്നും അതിൽ ഒരു ലക്ഷം പിങ്കി ഇറാനിക്ക് കൈമാറിയെന്നും 2022 ജനുവരി 3ന് ഇ.ഡിക്ക് നൽകിയ മൊഴിയിൽ അരുഷ പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News