ജമ്മുവിലെ പൂഞ്ചില്‍ ഭീകരർക്കായി തെരച്ചിൽ; വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി
കൂടുതൽ സേനയെ പൂഞ്ചില്‍ എത്തിച്ച ശേഷമാണ് തെരച്ചിൽ തുടരുന്നത്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചത്തിന് പിന്നാലെ മേഖലയിൽ തെരച്ചിൽ ശക്തമാക്കി സേന. കൂടുതൽ സേനയെ പൂഞ്ചില്‍ എത്തിച്ച ശേഷമാണ് തെരച്ചിൽ തുടരുന്നത്. ഭീകരര്‍ ഒളിച്ചിരുന്ന് സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്.
ഭീകരൻ പ്രദേശത്ത് തന്നെ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ശക്തമാക്കിയിരിക്കുന്നത്. എത്രയും വേഗം ഭീകരരെ പിടികൂടാൻ സാധിക്കുമെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. പൂഞ്ചിന് സമീപത്തും ഭീകരാക്രമണങ്ങൾ നടക്കുന്ന ഇടങ്ങളിലും കർശന ജാഗ്രത നിർദേശം നൽകി. ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് സൈന്യം പ്രദേശത്ത് തിരച്ചിലും സൈനിക നടപടിയും ആരംഭിച്ചിട്ടുണ്ട്. പൂഞ്ചിലെ സുരന്‍കോട്ട് മേഖലയില്‍ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗാലിയില്‍ വെച്ചാണ് സൈനികര്‍ സഞ്ചരിച്ച ട്രക്കും ഒരു ജിപ്സിയും അക്രമിക്കപ്പെട്ടത്.
\പ്രദേശത്ത് ഇന്ത്യന്‍ സൈന്യത്തിനുനേരെ ഒരുമാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആദ്യത്തെ ആക്രമണത്തില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരടക്കം വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നതല യോഗം ചേർന്നേക്കും.