നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻ കെട്ടിടത്തിന് മുകളില്‍ നിന്നെറിഞ്ഞു കൊന്നു
അന്വേഷണത്തിന് ഉത്തരവിട്ടതായി വനംവകുപ്പ്
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻ കെട്ടിടത്തിന് മുകളിൽനിന്നെറിഞ്ഞു കൊലപ്പെടുത്തി. മൂന്ന് നിലകളുള്ള വീടിന്റെ മേൽക്കൂരയിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത്. ബറേലിയിലെ ദുങ്ക ഗ്രാമത്തിൽ താമസിക്കുന്ന നിർദേശ് ഉപാധ്യായ (25)യുടെ മകനെയാണ് കുരങ്ങന്മാർ കൊലപ്പെടുത്തിയത്.
ഭാര്യയോടും കുട്ടിയോടുമൊപ്പം വീടിന്റെ മേൽക്കൂരയിൽ നിൽക്കുമ്പോഴാണ് ഒരുകൂട്ടം കുരങ്ങന്മാർ എത്തിയത്. ഇവരെ ഓടിക്കാൻ നിർദേശും ഭാര്യയും ശ്രമിച്ചു. കുഞ്ഞിനെയുമെടുത്ത് താഴെക്കിറങ്ങുന്നതിനിടെ കോണിപ്പടിയിൽ വെച്ച് കുഞ്ഞ് കൈയിൽ നിന്നും നിലത്തേക്ക് വീണു. കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുന്നതിനിടെ കുരങ്ങൻ കുഞ്ഞിനെ താഴേക്കെറിയുകയായിരുന്നെന്നുംപിതാവ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കുട്ടി സംഭവസ്ഥലത്ത് നിന്ന് തന്നെ മരിച്ചു.
സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിന് വനംവകുപ്പിന്റെ സംഘത്തെ അയച്ചിട്ടുണ്ടെന്നും ബറേലി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ലളിത് വർമ പറഞ്ഞു.