അസം - മേഘാലയ അതിര്‍ത്തിയില്‍ വെടിവെപ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു
മേഘാലയ സ്വദേശികളായ നാല് പേരും അസമിലെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്
അസം - മേഘാലയ അതിർത്തിയായ മുക്രോയിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അനധികൃതമായി തടി കടത്തുന്നത് തടഞ്ഞപ്പോഴാണ് പ്രദേശത്ത് സംഘർഷവും വെടിവെപ്പുമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അസം വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വെടിയുതിർത്തതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മേഘാലയ സ്വദേശികളായ നാല് പേരും അസമിലെ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. തടി കടത്തുകയായിരുന്ന ലോറിക്കു നേരെയാണ് ആദ്യം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തതെന്ന് പ്രദേശവാസികള്‍ പറയുന്നു. ലോറിയിലുണ്ടായിരുന്നവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് വാഹനം വിട്ടുകിട്ടണമെന്നും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
മേഘാലയയുടെ കിഴക്കൻ റേഞ്ചിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഡേവിസ് എൻ ആർ മാരക് സംഭവം സ്ഥിരീകരിച്ചു. താൻ സംഭവ സ്ഥലത്തേക്ക് തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ഉന്നതതല യോഗം വിളിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. സംഭവത്തിൽ മേഘാലയ പൊലീസ് കേസെടുക്കുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഏഴ് ജില്ലകളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ 48 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു. അതേസമയം സംഭവത്തെ കുറിച്ച് അസം പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
1972 മുതല്‍ അസം - മേഘാലയ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതിർത്തി തർക്കം പരിഹരിക്കാന്‍ 2021 ആഗസ്തില്‍ ഇരു സംസ്ഥാനങ്ങളും മൂന്ന് പാനലുകൾ വീതം രൂപീകരിച്ചിരുന്നു. സംസ്ഥാനങ്ങൾ തമ്മിലുള്ള രണ്ട് ഘട്ട ചർച്ചകൾക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി ഇരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാര്‍ കരട് പ്രമേയം സമർപ്പിച്ചു. അസം മേഘാലയയ്ക്ക് 18.28 ചതുരശ്ര കിലോമീറ്റർ വിട്ടുനല്‍കാന്‍ ധാരണയായി. 36 വില്ലേജുകളുടെ കാര്യത്തിലാണ് ആദ്യഘട്ട ഒത്തുതീർപ്പിൽ ധാരണയായത്. അതിനിടെയാണ് വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവമുണ്ടായത്.