ഹരിയാനയിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തി 50 പഞ്ചായത്തുകൾ
സർക്കുലറിനെതിരെ നടപടി സ്വീകരിച്ചതായി മഹേന്ദ്രഗഡ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മനോജ് കുമാർ പറഞ്ഞു.
ഗുരുഗ്രാം: ഹരിയാനയിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തി പഞ്ചായത്തുകൾ. മൂന്ന് ജില്ലകളിലെ 50 പഞ്ചായത്തുകളാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. രേവാരി, മഹേന്ദർഗഡ്, ജാജ്ജർ ജില്ലകളിലാണ് വിലക്ക്. ഗ്രാമത്തിൽ താമസിക്കുന്ന മുസ്‌ലിംകൾ തിരിച്ചറിയൽ രേഖ പൊലീസിന് നൽകണമെന്നും സർപഞ്ചുമാർ ഒപ്പുവെച്ച സർക്കുലറിൽ പറയുന്നു.
മൂന്നോ നാലോ തലമുറകളായി ജീവിക്കുന്ന ഏതാനും കുടുംബങ്ങൾ ഒഴികെ, മിക്ക ഗ്രാമങ്ങളിലും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള താമസക്കാരില്ല. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും സർക്കുലറിൽ പറയുന്നു.
സർക്കുലറിനെതിരെ നടപടി സ്വീകരിച്ചതായി മഹേന്ദ്രഗഡ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് മനോജ് കുമാർ പറഞ്ഞു. സർക്കുലർ താൻ നേരിട്ട് കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ അതിന്റെ കോപ്പികൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും മുഴുവൻ പഞ്ചായത്തുകൾക്കും കാരണംകാണിക്കൽ നോട്ടീസ് അയക്കാൻ ബ്ലോക്ക് ഓഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.
നൂഹ് സംഘർഷത്തിന്റെ സാഹചര്യത്തിലാണ് ഇത്തരമൊരു സർക്കുലർ ഇറക്കിയതെന്ന് മഹേന്ദ്രഗഡിലെ സൈദ്പൂർ പഞ്ചായത്ത് സർപഞ്ച് പറഞ്ഞു. ജൂലൈയിൽ ഇവിടെ നിരവധി കളവുകൾ നടന്നു. പുറത്തുനിന്നുള്ളവർ ഗ്രാമത്തിൽ എത്തിയ ശേഷമാണ് ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാവാൻ തുടങ്ങിയത്. ഗ്രാമത്തിൽ സമാധാനം നിലനിർത്താൻ വേണ്ടിയാണ് പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നിഷേധിക്കാൻ തിരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.