ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് വമ്പൻ വിജയം

സംസാർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസാണ് മുന്നിൽ

Update: 2021-10-03 13:28 GMT
Advertising

ഭവാനിപൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് 58,389 വോട്ടിന്റെ വമ്പൻ വിജയം. മണ്ഡലത്തിൽ ഇതുവരെ ഒരു സ്ഥാനാർഥിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനിവാര്യമായ വിജയം മമത നേടിയത്.

ബി.ജെ.പി സ്ഥാനാർഥി പ്രിയങ്ക ട്രിബിവാളിന് ആകെ കിട്ടിയത് 24,396 വോട്ടാണ്. ഇതിന്റെ ഇരട്ടി ഭൂരിപക്ഷവുമായി, ആകെ 84,709 വോട്ട് നേടിയാണ് വെസ്റ്റ് ബംഗാൾ രാഷ്ട്രീയം ഉറ്റനോക്കിയ തെരഞ്ഞെടുപ്പിൽ മമത വിജയം കൈപിടിയിലാക്കിയത്.

മൂന്നരപ്പതിറ്റാണ്ട് സംസ്ഥാനം ഭരിച്ച സി.പി.എമ്മിനായി മത്സരിക്കുന്ന ശ്രീജിബ് ബിശ്വാസിന് വളരെ 4201 വോട്ട് മാത്രമാണ് നേടാനായത്.

സംസാർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസാണ് മുന്നിൽ. സംസാർഗഞ്ചിൽ തൃണമൂൽ സ്ഥാനാർഥി 3,768 വോട്ടും ജംഗിപൂരിൽ ജാകിർ ഹുസൈന് 15,643 വോട്ടും ലീഡുണ്ട്.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തരംഗം അലയടിച്ചപ്പോഴും നന്ദിഗ്രാമിൽ മമത ബാനർജി പരാജയപ്പെട്ടിരുന്നു. ബിജെപി സ്ഥാനാർഥിയായി രംഗത്തിറങ്ങിയ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിക്ക് മുന്നിലാണ് അടിതെറ്റിയത്. തോൽവി വകവെയ്ക്കാതെ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ചുമതലയേറ്റു. എംഎൽഎ അല്ലാത്തവർക്കും മന്ത്രിയാകാം എന്ന ഭരണഘടന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളിൽ നിയമസഭാ അംഗമായില്ലെങ്കിൽ പുറത്തുപോകേണ്ടിവരുമായിരുന്നു.

ആഹ്ലാദപ്രകടനം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ടെങ്കിലും ഫലം പുറത്തുവന്നതോടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. അക്രമസാധ്യതയെ തുടർന്നാണ് ആഹ്ലാദപ്രകടനം ഒഴിവാക്കണമെന്ന് കമ്മീഷൻ നിർദേശിച്ചത്.

കഴിഞ്ഞ വെസ്റ്റ് ബംഗാൾ തെരഞ്ഞെടുപ്പിൽ ഭവാനിപൂരിൽ സോബൻദേബ് ചത്യോപാധ്യായയാണ് ജയിച്ചിരുന്നത്. 29,000 വോട്ടിനായിരുന്നു ഭൂരിപക്ഷം. നന്ദിഗ്രാമിൽ മമത പരാജയപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം രാജിവെച്ച് മമതക്ക് വഴിയൊരുക്കുകയായിരുന്നു. വരുന്ന ഉപതെരഞ്ഞെടുപ്പിൽ മമത ഇദ്ദേഹത്തിന് സീറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാളികളല്ലാത്ത 46 ശതമാനം വോട്ടർമാരും തന്നെ പിന്തുണച്ചു: മമത

ഭവാനിപൂരിൽ 46 ശതമാനം വോട്ടർമാർ ബംഗാളികളല്ലാത്തവരാണെന്നും അവരും തനിക്ക് വോട്ടുചെയ്‌തെന്നും മമത ബാനർജി. വെസ്റ്റ് ബംഗാൾ ജനത ഒന്നാകെ ഭവാനിപൂർ തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കിയത് തന്നെ പ്രചോദിപ്പിച്ചുവെന്നും മമത പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News