ഗണേശോത്സവം പൊലിപ്പിക്കാൻ ലേസർ ലൈറ്റുകൾ; 65 പേർക്ക് കാഴ്‌ച നഷ്‌ടപ്പെട്ടു
ഇവർക്ക് കാഴ്ച തിരിച്ചുകിട്ടാൻ ശസ്ത്രക്രിയ നടത്തേണ്ടി വരും. ഇതിന് ചിലവ് വളരെ കൂടുതലാണെന്നും ഡോക്ടർ പറഞ്ഞു
കോഹ്‌ലാപൂർ: ഗണേശ ചതുർഥി ഘോഷയാത്രക്കിടെ ലേസർ ലൈറ്റ് തെളിച്ചത് മൂലം കാഴ്ച ശക്തി നഷ്ടപ്പെട്ടത് 65 പേർക്ക്. മിറർ നൗ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലേസർ ലൈറ്റുകൾ മിന്നുന്നത് ഹോർമോൺ വ്യതിയാനത്തിനും ഹൈപ്പോഗ്ലൈസീമിയയ്ക്ക് സമാനമായ സാഹചര്യത്തിനും കാരണമാകുമെന്ന് അസോസിയേഷൻ മേധാവി ഡോ.അഭിജിത് ടാഗാരെ പറയുന്നു. ചിലർ മിന്നുന്ന ലേസർ ലൈറ്റുകൾ ഉപയോഗിച്ച് മണിക്കൂറുകളോളം നൃത്തം ചെയ്യുമ്പോൾ, ഇത് റെറ്റിനയിൽ രക്തസ്രാവം ഉണ്ടാക്കുകയും തുടർന്ന് കാഴ്ച നഷ്ടപ്പെടുകയും ചെയ്യുമെന്നും ഡോക്ടർ വ്യക്തമാക്കി.
കഴിഞ്ഞ 10-12 ദിവസങ്ങളിൽ ഗണേശോത്സവത്തിനിടെ ലേസർ ലൈറ്റുകളുടെ ഉപയോഗം കാരണം ഏകദേശം 65 പേർക്ക് കാഴ്ച ശക്തി നഷ്ടമായി. ഇവരിൽ കൂടുതലും യുവാക്കളാണ്. കണ്ണിന്റെ നീർവീക്കം, ക്ഷീണം, കണ്ണുകളിലെ വരൾച്ച, തലവേദന എന്നിവയാണ് യുവാക്കൾക്ക് അനുഭവപ്പെട്ട പ്രധാന ലക്ഷണങ്ങൾ. ഇവർക്ക് കാഴ്ച തിരിച്ചുകിട്ടാൻ ശസ്ത്രക്രിയ നടത്തേണ്ടി വരും. ഇതിന് ചിലവ് വളരെ കൂടുതലാണെന്നും ഡോക്ടർ ടാഗാരെ കൂട്ടിച്ചേർത്തു.
ലേസർ ലൈറ്റ് നിർമ്മാതാക്കൾ അവയുടെ ഉപയോഗത്തെക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ലൈറ്റുകളുടെ തീവ്രത 10 വാട്ടിൽ താഴെയായിരിക്കണം, ലൈറ്റുകൾ ഒരിടത്ത് ദീർഘനേരം ഫോക്കസ് ചെയ്യരുത്, അവ മനുഷ്യന്റെ കണ്ണിൽ മിന്നിമറയരുത്. എന്നിരുന്നാലും, ഘോഷയാത്രകളിൽ ഓപ്പറേറ്റർമാർ ഈ ലേസറുകൾ പരമാവധി തീവ്രതയോടെ ഉപയോഗിക്കുന്നുണ്ടെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.