നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്നുവീണ് ഏഴുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം നടന്നതെങ്കിലും 11 മണിയോടെയാണ് പൊലീസിൽ അറിയിച്ചത്
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഞ്ജയ്ഭായ് ബാബുഭായ നായക്, ജഗദീഷ്ഭായ് രമേഷ്ഭായ് നായക്, അശ്വിൻഭായ് സോംഭായ് നായക്, മുകേഷ് ഭരത്ഭായ് നായക്, മുകേഷ്ഭായ് ഭാരത്ഭായ് നായക്, രാജ്മൽ സുരേഷ്ഭായ് ഖരാഡി, പങ്കജ്ഭായ് ശങ്കർഭായ് ഖരാഡി എന്നിവരാണ് മരിച്ചത്.
ഏഴാം നിലയിൽ നിന്നാണ് ലിഫ്റ്റ് തകർന്നുവീണതെന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്ത് യൂണിവേഴ്‌സിറ്റിക്ക് സമീപത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. പക്ഷേ സംഭവം കെട്ടിടത്തിന്റെ ഉടമകൾ പുറത്തറിയിച്ചിരുന്നില്ല. 11 മണിയ്ക്കാണ് അപകടം നടന്ന വിവരം പൊലീസിനെ ഉടമകൾ അറിയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
കെട്ടിടനിർമാതാക്കൾ മുനിസിപ്പൽ കോർപ്പറേഷന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്ന് മേയർ കെ ജെ പർമർ പറഞ്ഞു.