'7 പാര്‍ട്ടികളുടെ പിന്തുണയുണ്ട്': ഗവര്‍ണറെ കണ്ട് നിതീഷ് കുമാറും തേജസ്വി യാദവും

എം.എൽ.എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഗവര്‍ണര്‍ക്ക് കൈമാറി

Update: 2022-08-09 13:22 GMT
Advertising

ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും ബിഹാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എം.എൽ.എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് കൈമാറി. ജെ.ഡി.യു- ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യത്തിന് ഏഴ് പാര്‍ട്ടികളുടെയും ഒരു സ്വതന്ത്രന്‍റെയും പിന്തുണയുണ്ടെന്ന് നിതീഷ് കുമാര്‍ അവകാശപ്പെട്ടു.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറിയതോടെയാണ് ജെ.ഡി.യു- ബി.ജെ.പി സഖ്യ സര്‍ക്കാര്‍ താഴെവീണത്. അഞ്ച് വർഷത്തിന് ശേഷം വീണ്ടും നിതീഷ് കുമാർ ആര്‍.ജെ.ഡി സഖ്യത്തിലെത്തുകയാണ്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാവും. സ്പീക്കര്‍ പദവി കോണ്‍ഗ്രസിനായിരിക്കും. ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് നിതീഷ് കുമാര്‍ മുന്നണി വിട്ടത് ബിഹാറില്‍ എന്‍.ഡി.എക്ക് കനത്ത തിരിച്ചടിയായി. നിതീഷ് കുമാര്‍ ഇടഞ്ഞു നില്‍ക്കുകയാണെന്ന് മനസിലായിട്ടും മറുതന്ത്രം പയറ്റാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. മഹാസഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെയുണ്ടാകുമെന്നാണ് സൂചന.

2020ൽ ജനവിധി എൻ.ഡി.എയ്ക്കായിരുന്നെന്നും നിതീഷ് കുമാർ ബിഹാർ ജനതയെ ചതിച്ചെന്നുമാണ് ബി.ജെ.പിയുടെ ആദ്യ പ്രതികരണം. നിതീഷിലേക്കുള്ള ബി.ജെ.പിയുടെ പാലമായിരുന്ന സുശീൽകുമാർ മോദിയെ രാജ്യസഭയിൽ എത്തിച്ചു തട്ടകം മാറ്റിയതോടെ, ജെ.ഡി.യുവിനോട് സംസാരിക്കാൻ പോലും എൻ.ഡി.എയിൽ ആരുമുണ്ടായില്ല. ജാതി സെൻസസ് ,അഗ്നിപഥ് എന്നീ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനോട് വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്ന നിതീഷ് കുമാറിന്‍റെ എൻ.ഡി.എ വിട്ടുപോകൽ പ്രതിപക്ഷത്ത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

മഹാരാഷ്ട്രയിൽ സഖ്യ സർക്കാർ തകർന്നതിനു പിന്നാലെ, സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡി ചോദ്യംചെയ്തതും രാഷ്‌ട്രപതി -ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികൾ മിന്നുന്ന വിജയം നേടിയതും തളർത്തിയ പ്രതിപക്ഷ നിരയ്ക്ക് മൃതസഞ്ജീവനി കൂടിയാണ് നിതീഷ് കുമാറിന്റെ മടങ്ങിവരവ്. മഹാഗഡ് ബന്ധൻ 2017ൽ നിതീഷ് ഉപേക്ഷിച്ചത് മറന്നുകളയാന്‍ ആർജെഡി നേതാക്കൾ അണികളോട് ആവശ്യപ്പെട്ട് കഴിഞ്ഞു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് മഹാഗഡ്ബന്ധന്‍റെ തീരുമാനം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News