നീറ്റ് പുന:പരീക്ഷയെഴുതിയത് 813 വിദ്യാർത്ഥികൾ മാത്രം
1,563 വിദ്യാർത്ഥികൾക്കാണ് ഇന്ന് വീണ്ടും പരീക്ഷയെഴുതാൻ അവസരം നൽകിയത്
ന്യൂഡൽഹി: ഇന്ന് നടന്ന നീറ്റ് പുന:പരീക്ഷയെഴുതാതെ 750 വിദ്യാർഥികൾ. 1,563 വിദ്യാർത്ഥികളിൽ 813 പേർ മാത്രമാണ് പരീക്ഷയെഴുതാനെത്തിയത്. 52 ശതമാനമാണ് ഹാജർ നിലയെന്ന് വൈകുന്നേരം എൻ.ടി.എ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
സുപ്രിം കോടതി ഉത്തരവിനെത്തുടർന്നാണ് നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തിയത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഇന്ന് പരീക്ഷ നടന്നത്.
ചണ്ഡീഗഡിൽ പരീക്ഷയെഴുതാൻ വീണ്ടും അവസരം ലഭിച്ചത് രണ്ട് പേർക്കാണ്. അവർ 2 പേരും പങ്കെടുത്തില്ല. ഛത്തീസ്ഗഡിൽ 602 പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. 291 പേരാണ് വീണ്ടും പരീക്ഷയെഴുതിയത്. 311 പേർ ഹാജരായില്ല.
ഗുജറാത്തിൽ ഒരാൾക്ക് മാത്രമായിരുന്നു അവസരം ആ വിദ്യാർഥി പരീക്ഷക്ക് ഹാജരായി. ഹരിയാനയിൽ 494 പേരിൽ 207 പേർ ഹാജരായില്ല. 287 പേർ വീണ്ടും പരീക്ഷയെഴുതി. മേഘാലയയിൽ 464 പേർ യോഗ്യത നേടിയതിൽ 230 പേർ ഹാജരായില്ല. 234 പേർ വീണ്ടും പരീക്ഷയെഴുതി.
മെയ് 5 ന് നടന്ന പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 ഉദ്യോഗാർഥികളുടെ ഫലം റദ്ദാക്കിയിരുന്നു. അവർക്ക് വേണ്ടിയാണ് ഇന്ന് പരീക്ഷ നടത്തിയത്. ജൂൺ 30 ന് ഫലം പ്രഖ്യാപിക്കും. അതെസമയം ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും വിവാദമായതിന് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി തലവൻ സുബോദ് കുമാർ സിങ്ങിനെ പദവിയിൽ നിന്ന് നീക്കി. പ്രദീപ് സിങ് കരോളക്ക് എൻ.ടി.എ ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്.