'സ്വാതന്ത്ര്യത്തിനായി പോരാടിയവരെ രാജ്യം നന്ദിയോടെ സ്മരിക്കുന്നു' പ്രധാനമന്ത്രി
ഒളിമ്പ്യൻമാരെയും കോവിഡ് പോരാളികളെയും പ്രധാനമന്ത്രി ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.
ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്രദ്രിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യത്തിനായി പോരാടിയവരെ ഇന്ത്യ നന്ദിയോടെ സ്മരിക്കുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം എന്നും സ്വാതന്ത്ര്യത്തിനായി പോരടിയവോരോട് കടപ്പെട്ടിരിക്കും. സ്വാതന്ത്ര്യസമര സേനാനികളെയും രാഷ്ട്രശില്പികളെയും പേരെടുത്തു ആദരമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഒളിമ്പ്യൻമാരെയും കോവിഡ് പോരാളികളെയും പ്രധാനമന്ത്രി ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു.
രാജ്യത്തെ വികസനകുതിപ്പിന് ഗതിവേഗം പകരാനായി 'ഗതിശക്തി' പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. നൂറ് ലക്ഷം കോടി രൂപയുടെ കർമ പരിപാടികളാണ് ഈ പദ്ധതിയിലൂടെ ആവിഷ്ക്കരിക്കുന്നത്. തദ്ദേശീയരായ നിർമാതാക്കളെ ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തരാക്കുന്നതാകും ഗതി ശക്തി പദ്ധതി. യുവാക്കൾക്ക് തൊഴിലിനോടൊപ്പം അടിസ്ഥാന വികസനവും ഈ പദ്ധതിയിലൂടെ സാധ്യമാകും. സമഗ്ര അടിസ്ഥാന സൗകര്യ വികസനം പിഎം ഗതിശക്തിയുടെ പ്രധാന ലക്ഷ്യമാണ്.
കർഷകരുടെ ഉത്പന്നങ്ങൾ ബ്ലോക്ക് തലത്തിൽ സംഭരിക്കാനും കയറ്റുമതി ചെയ്യാനും സർക്കാർ മുൻകൈയെടുക്കും. കാർഷിക മേഖലയിൽ ആധുനിക വൽക്കരണത്തിനും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വികസനം സാക്ഷാത്ക്കരിക്കുന്നതിനും തുക മാറ്റിവയ്ക്കും. നഗരങ്ങളെ കൂട്ടിയിണക്കുന്നതിനായി വന്ദേഭാരത് തീവണ്ടികൾ പാളത്തിലിറക്കും. സ്റ്റാർട്ട്‌അപ്പുകൾക്കും സഹകരണമേഖലയ്ക്കും പുത്തൻ ഉണർവേകാനും പദ്ധതി സഹായിക്കും
നീരജ് ചോപ്ര ഉൾപ്പെടെയുള്ള ഒളിംപിക്സ് മെഡൽ ജേതാക്കള്‍ക്കും കോവിഡ് മുൻനിര പോരാളികള്‍ക്കും ചെങ്കോട്ടയില്‍ ക്ഷണമുണ്ടായിരുന്നു . 500 എൻസിസി കേഡറ്റുമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സ്വാതന്ത്ര്യദിനാഘോഷം. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ എട്ടാം സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്നത്തേത്. സുരക്ഷാ ഭീക്ഷണി കണക്കിലെടുത്ത് പഴുതടച്ച നിരീക്ഷണത്തിലാണ് രാജ്യതലസ്ഥാനം.