രാജ്യത്ത് ഒമിക്രോൺ വ്യാപനവേഗം കൂടി; കൂടുതൽ കേസുകൾ ഡൽഹിയിലും മഹാരാഷ്ട്രയിലും

ഒമിക്രോണ്‍ വ്യാപനത്തില്‍ കേരളം നാലാമതാണ്.

Update: 2021-12-29 05:18 GMT
Advertising

ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നു. കേസുകളുടെ എണ്ണം 781 ആയി. രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ വിവിധ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലേക്കു കടന്നു.

ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ഡല്‍ഹിയില്‍ 238 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയാണ് രണ്ടാമത്. 167 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വ്യാപനത്തില്‍ കേരളം നാലാമതാണ്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 9195 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 6358 പേര്‍ക്കായിരുന്നു കോവിഡ് ബാധിച്ചത്. നിലവില്‍ 77,002 പേരാണ് ചികിത്സയിലുള്ളത്.

ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നതിനാല്‍ ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. സ്കൂളുകള്‍‍, കോളജുകള്‍, ജിമ്മുകള്‍, തിയറ്ററുകള്‍ എന്നിവ അടച്ചു. റെസ്റ്റോറന്‍റുകളിലും ബാറുകളിലും 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഡല്‍ഹിയില്‍ ജൂണിന് ശേഷം ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ കോവിഡ് കേസുകളുടെ എണ്ണം 11 ശതമാനം വർധിച്ചെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഒമിക്രോണിന്‍റെ അപകട സാധ്യതയെ കുറിച്ചും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഏറ്റവും കൂടുതൽ ഒമിക്രോണ്‍ ബാധ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ഡെൻമാർക്കിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. എന്നാല്‍ ഓക്സിജന്‍റെ ആവശ്യകത, വെന്‍റിലേറ്ററില്‍ പ്രവശിപ്പിക്കപ്പെടുന്നവരുടെ എണ്ണം, മരണ നിരക്ക് എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ഒമിക്രോണിന്‍റെ തീവ്രത കൃത്യമായി വിശദീകരിക്കാനാകൂ എന്നും വിദഗ്ധര്‍ പറയുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News