ത്രിപുരയിൽ 828 വിദ്യാർഥികൾ എച്ച്.ഐ.വി പോസിറ്റീവ്; വില്ലൻ ലഹരി ഉപയോഗം
47 പേർ എയ്ഡ്സ് ബാധിച്ച് മരിച്ചു
അഗർത്തല: ത്രിപുരയിൽ 828 വിദ്യാർഥികൾ എച്ച്.ഐ.വി പോസിറ്റീവാണെന്നും 47 പേർ എയ്ഡ്സ് ബാധിച്ച് മരിച്ചെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ‘ഇതുവരെ 828 വിദ്യാർഥികൾ എച്ച്.ഐ.വി പോസിറ്റീവായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭയാനകമായ അണുബാധ മൂലം 47 പേർക്ക് ജീവൻ നഷ്ടമായി’ -ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അധികൃതർ വ്യക്തമാക്കി.
ഞരമ്പുകളിൽ ലഹരി കുത്തിവെക്കുന്നതിലൂടെയാണ് അണുബാധ പടരുന്നത്. 220 സ്കൂളുകളിലെയും 24 കോളജുകളിലെയും സർവകലാശാലകളിലെയും വിദ്യാർഥികൾ മയക്കുമരുന്നുകൾ കുത്തിവെക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവർ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് വൈറസ് പടരാൻ കാരണം. സംസ്ഥാനത്തെ 164 ആരോഗ്യ കേന്ദ്രങ്ങളിൽനിന്നായാണ് വിവരം ശേഖരിച്ചത്.
സമ്പന്ന കുടുംബങ്ങളിൽനിന്നുള്ളവരാണ് രോഗം ബാധിച്ചവരിൽ അധികവും. ഇതിൽ പലരുടെയും മാതാപിതാക്കൾ സർക്കാർ സർവീസിലുള്ളവരാണ്. മക്കളുടെ ലഹരി ഉപയോഗം വളരെ വൈകിയാണ് ഇവർ അറിയുന്നത്.
സംസ്ഥാനത്ത് 2024 മെയ് വരെ 8729 പേരെ ആന്റി റിട്രോ വൈറൽ തെറാപ്പി സെന്ററുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ 5674 പേരാണ് എച്ച്.ഐ.വി ബാധിതരായുള്ളത്. ഇതിൽ 4570 പേർ പുരുഷൻമാരും 1103 പേർ സ്ത്രീകളുമാണ്. കൂടാതെ ഒരാൾ ട്രാൻസ്ജെൻഡറുമാണെന്ന് അധികൃതർ വ്യക്തമാക്കി.