ഡി.ജെ ട്രോളി ഹൈവോൾട്ടേജ് ലൈനിൽ തട്ടി; ഒമ്പത് കാവഡ് യാത്രികർക്ക് ദാരുണാന്ത്യം

ഡി.ജെ ട്രോളി 11,000 വോൾട്ട് വയറിൽ തട്ടിയതോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

Update: 2024-08-05 05:31 GMT
Advertising

പട്ന: ബിഹാറിൽ കാവഡ് യാത്രികർ സഞ്ചരിച്ചിരുന്ന ഡി.ജെ ട്രോളി ഹൈവോൾട്ടേജ് വൈദ്യുതി ലൈനിൽ തട്ടി ഒമ്പത് തീർഥാടകർക്ക് ദാരുണാന്ത്യം. ബീഹാറിലെ ഹാജിപൂരിലെ ഇൻഡസ്ട്രിയൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുൽത്താൻപൂർ ഗ്രാമത്തിലാണ് സംഭവം. ആറ് പേർക്ക് പൊള്ളലേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

സോനെപൂരിലെ ബാബ ഹരിഹർനാഥ് ക്ഷേത്രത്തിൽ ജലാഭിഷേകം നടത്താനായി കാവഡ് യാത്രികർ ഡി.ജെ ട്രോളിയിൽ പോകുമ്പോഴായിരുന്നു അപകടം. യാത്രയ്ക്കിടെ സുൽത്താൻപൂരിലെ ഹൈടെൻഷൻ ലൈനിൽ ട്രോളിയുടെ ഇരുമ്പ് ഭാ​ഗം തട്ടുകയായിരുന്നു.

രവി കുമാർ, രാജാ കുമാർ, നവീൻ കുമാർ, അംറേഷ് കുമാർ, അശോക് കുമാർ, ചന്ദൻ കുമാർ, കാലു കുമാർ, ആശിഷ് കുമാർ എന്നിവരാണ് മരിച്ചത്. ഇവരിൽ പ്രായപൂർത്തിയാവത്ത ഒരാളും ഉൾപ്പെടുന്നു. എട്ടു പേർ സംഭവസ്ഥലത്തു വച്ചും ഒരാൾ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ​ഗുരുതരമായി പൊള്ളലേറ്റ ഒരാൾ ഹാജിപൂരിലെ സദർ ആശുപത്രിയിലും മറ്റു നാലു പേർ പ്രദേശത്തെ നഴ്സിങ് ഹോമിലും ചികിത്സയിലാണ്.

ഡി.ജെ ട്രോളി 11,000 വോൾട്ട് വയറിൽ തട്ടിയതോടെയാണ് അപകടമുണ്ടായതെന്ന് സദർ എസ്.ഡി.പി.ഒ ഓംപ്രകാശ് പറഞ്ഞു. അപകട സമയം ട്രോളിയിൽ നിരവധി പേരുണ്ടായിരുന്നു. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News