കാമറയ്ക്ക് ചാര്‍ജില്ല; ഫോട്ടോഗ്രാഫറെ വെടിവെച്ച് കൊന്നു
മുഖ്യപ്രതി രാകേശ് സാഹ്‌നിയുടെ മകളുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ എടുക്കാനാണ് ഫോട്ടോഗ്രാഫറെ വിളിച്ചുവരുത്തിയത്
ബീഹാര്‍: ബീഹാറിലെ ദര്‍ഭംഗയില്‍ ജന്മദിനാഘോഷത്തിനിടെ ഫോട്ടോഗ്രാഫറെ വെടിവെച്ച് കൊന്നു. സുശീല്‍ സാഹ്‌നി എന്ന ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്.
കാമറയില്‍ ചാര്‍ജില്ലെന്നാരോപിച്ചാണ് കൊലപ്പെടുത്തിയത്. മുഖ്യപ്രതി രാകേശ് സാഹ്‌നിയുടെ മകളുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ എടുക്കാനാണ് സുശീല്‍ വന്നിരുന്നത്. എന്നാല്‍ ഇയാളുടെ സേവനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു കുടുംബം. കാമറയുടെ ബാറ്ററി കുറവായതിനെ തുടര്‍ന്ന് ചാര്‍ജ് ചെയ്യാന്‍ സുശീല്‍ വീട്ടിലേക്ക് മടങ്ങിയതും പ്രതികളെ പ്രകോപിപ്പിച്ചു.
രാകേഷ് ചാര്‍ജ് ചെയ്ത ശേഷം പാര്‍ട്ടിയിലേക്ക് വരാന്‍ സുശീലിനോട് ആവശ്യപ്പെടുകയായിരുന്നു. ശേഷം സുശീല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരികയും അവിടെ അനധികൃത വെടിവെപ്പുണ്ടാവുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു.
തര്‍ക്കത്തിനിടെ രാകേഷ് സാഹ്നിയും കുടുംബാംഗങ്ങളും സുശീലിന്റെ വായിലേക്ക് വെടിയുതിര്‍ത്തു. തുടര്‍ന്ന് ഇയാളെ ദര്‍ഭംഗ ഡി.എം.സി.എച്ച് ഹോസ്പിറ്റല്‍ ഗേറ്റിന് മുന്നില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്ന് കളഞ്ഞു.
പ്രതിയുടെ മുഴുവന്‍ കുടുംബവും ഒളിവിലാണ്. രാകേഷ് സാഹ്‌നി അനധികൃത മദ്യവ്യാപരം നടത്തിയിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം വീട്ടുക്കാര്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്ന് ദര്‍ഭംഗ എസ്.എസ്.പി ജഗുനാഥ് റെഡ്ഡി പറഞ്ഞു.