ഇ.ഡിയെയും സി.ബി.ഐയെയും വിമർശിക്കുന്ന പ്രചാരണ ഗാനം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയെന്ന് ആം ആദ്മി പാർട്ടി

'ജയിലിന് മറുപടിയായി ഞങ്ങൾ വോട്ട് ചെയ്യും' എന്ന ഗാനം കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്

Update: 2024-04-28 09:17 GMT
Advertising

ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ വിമർശിച്ചതിന് ആം ആദ്മി പാർട്ടിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയെന്ന് പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി ആരോപിച്ചു. ‘ബി.ജെ.പിയുടെ മറ്റൊരു രാഷ്ട്രീയ ആയുധമായ തെരഞ്ഞെടുപ്പ് കമ്മീഷൻ ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിന് വിലക്കേർപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാകും ഇങ്ങനെ സംഭവിക്കുന്നത്. ബി.ജെ.പി ദിവസവും നടത്തുന്ന മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തെ ഇതേ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയാണ്’ -അതിഷി കുറ്റപ്പെടുത്തി.

‘സി.ബി.ഐ, ഇ.ഡി എന്നിവയെ മോശമായി ചിത്രീകരിച്ചതിന്റെ പേരിലാണ് പ്രചാരണ ഗാനം വിലക്കിയത്. രാഷ്ട്രീയ നേതാക്കൾ ബി.ജെ.പിയിൽ ചേർന്നയുടൻ ഇ.ഡിയും സി.ബി.ഐയുമെല്ലാം അവർക്കെതി​രായ കേസുകൾ എഴുതിത്തള്ളുന്നു. ഇതിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ എതിർക്കുന്നില്ല.

എന്നാൽ ഞങ്ങളുടെ പ്രചാരണ ഗാനത്തിൽ അത് പരാമർശിക്കുമ്പോൾ അതിനെ എതിർക്കുന്നു. ഏകാധിപത്യത്തെക്കുറിച്ച് പറഞ്ഞാൽ അത് ഭരണകക്ഷിയോടുള്ള വിമർശനമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. ഇതിനർത്ഥം ബി.ജെ.പി ഒരു ഏകാധിപത്യ സർക്കാറാണെന്ന് കമ്മീഷനും വിശ്വസിക്കുന്നുവെന്നാണ്’ -അതിഷി പറഞ്ഞു.

'ജയിലിന് മറുപടിയായി ഞങ്ങൾ വോട്ട് ചെയ്യും' എന്ന ഗാനം കഴിഞ്ഞദിവസമാണ് ആം ആദ്മി പാർട്ടി പുറത്തിറക്കിയത്. രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള പ്രചാരണ ഗാനം രചിച്ച് ആലപിച്ചിരിക്കുന്നത് എ.എ.പി എം.എൽ.എ ദിലീപ് പാണ്ഡെയാണ്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News