ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് എ.എ.പി
ഹരിയാനയിൽ ഒറ്റക്ക് മത്സരിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ചണ്ഡീഗഢ്: 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. സംസ്ഥാനത്ത് പാർട്ടിക്ക് ശക്തമായ സംഘടനാ സംവിധാനമുണ്ടെന്നും പ്രാദേശിക കമ്മറ്റികൾ ഉടൻ പ്രഖ്യാപിക്കുമെന്നും എ.എ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാഗ് ധണ്ഡ പറഞ്ഞു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഇൻഡ്യ മുന്നണിയിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും ആദ്ദേഹം പറഞ്ഞു.
''നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സമവായത്തിനും ഞങ്ങൾ തയ്യാറല്ല. 90 സീറ്റുകളിലും എ.എ.പി ഒറ്റക്ക് മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ പാർട്ടി ഹൈക്കമാൻഡിന്റെ നിർദേശം അനുസരിച്ച് പ്രവർത്തിക്കും''-അനുരാഗ് ധണ്ഡ പറഞ്ഞു.
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കുമെന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡയുടെ വാക്കുകൾ എ.എ.പി നേതാവ് ഓർമിപ്പിച്ചു. കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും എ.എ.പിക്ക് സംസ്ഥാനത്ത് യാതൊരു സ്വാധീനവുമില്ലെന്നും ഹൂഡ പറഞ്ഞിരുന്നു.
ഒറ്റക്ക് മത്സരിക്കാൻ കോൺഗ്രസിന് ശേഷിയുണ്ടെന്നും എന്ത് അടിസ്ഥാനത്തിലാണ് എ.എ.പി സീറ്റ് ആവശ്യപ്പെടുന്നതെന്നും ചോദിക്കുന്ന ഭൂപീന്ദർ ഹൂഡയും മകൻ ദീപേന്ദർ ഹൂഡയും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരാണെന്ന കാര്യം മറക്കരുതെന്ന് അനുരാഗ് ധണ്ഡ ഓർമിപ്പിച്ചു.
ഹരിയാനയിലെ സീറ്റ് വിഭജനത്തിൽ ഹൂഡക്ക് യാതൊരു പങ്കുമില്ല. ഇൻഡ്യ മുന്നണിയിലെ സീറ്റ് വിഭജനം ചർച്ച ചെയ്യുന്ന ഏകോപന സമിതിയിലോ സംസ്ഥാന ഘടകത്തിന് നിർദേശം നൽകാൻ കഴിയുന്ന കോൺഗ്രസ് ഹൈക്കമാൻഡിലോ അദ്ദേഹം ഒരു സ്ഥാനവും വഹിക്കുന്നില്ല. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരാൻ ഹൂഡ കളമൊരുക്കുകയാണെന്നും ധണ്ഡ ആരോപിച്ചു.