ഡൽഹി മേയർ തെരഞ്ഞെടുപ്പ്: ആംആദ്മി പാർട്ടി സ്ഥാനാർഥി ഷെല്ലി ഒബ്രോയിക്ക് വിജയം
ബി.ജെ.പിയുടെ രേഖാ ഗുപ്തയെയാണ് പരാജയപ്പെടുത്തിയത്
ന്യൂഡൽഹി: ഡൽഹി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽആംആദ്മി പാർട്ടി സ്ഥാനാർഥി ഷെല്ലി ഒബ്രോയിക്ക് വിജയം. ബിജെപിയുടെ രേഖ ഗുപ്തയെ പരാജയപ്പെടുത്തിയാണ് ഷെല്ലി ഒബ്രോയി ഡൽഹി മേയറാകുന്നത്. ഷെല്ലി ഒബ്രോയ് 150 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥിക്ക് 116 വോട്ടും ലഭിച്ചു. തെരഞ്ഞെടുപ്പിൽ 250 വാർഡ് കൗൺസിലർമാരും 7 ലോക്‌സഭാ എംപിമാരും 3 രാജ്യസഭാ എംപിമാരും 14 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചെങ്കിലും ഒരംഗം വോട്ട് രേഖപ്പെടുത്താൻ എത്തി. ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിലും ആംആദ്മി പാർട്ടിക്ക് തന്നെയാണ് മേൽക്കൈ.
ഡൽഹി എംസിഡി സിവിക് സെന്ററിൽ രാവിലെ പതിനൊന്നരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ 250 വാർഡ് കൗൺസിലർമാരും 7 ലോക്‌സഭാ എംപിമാരും 3 രാജ്യസഭാ എംപിമാരും 14 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തി. കണക്കുകൾ പ്രകാരം 134 കൗൺസിലർമാരുടെയും 3 എംപിമാരുടെയും 13 എംഎൽഎമാരുടെയും പിന്തുണയാണ് ആംആദ്മി പാർട്ടിക്ക് ഉള്ളത്. കണക്ക് കൂട്ടിയത് പോലെ തന്നെ 150 വോട്ടുകളും ആംആദ്മി പാർട്ടി സ്ഥാനാർത്ഥി ഷെല്ലി ഒബ്രോയ് നേടി. അതേസമയം, കണക്കുകൾ പ്രകാരം 113 വോട്ടുകൾ ലഭിച്ചേക്കാവുന്ന ബിജെപി സ്ഥാനാർഥി രേഖ ഗുപ്തയ്ക്ക് 116 വോട്ടുകൾ ആണ് ലഭിച്ചത്. ഇതേ മാർജിനിൽ തന്നെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ആംആദ്മി പാർട്ടിയുടെ ആലേ മുഹമ്മദ് ഇഖ്ബാലും വിജയിച്ചത്. 2 സ്വതന്ത്ര അംഗങ്ങളും 1 കോൺഗ്രസ് അംഗവും ബിജെപിക്ക് വോട്ട് ചെയ്തു എന്നാണ് ആംആദ്മി പാർട്ടിയുടെ ആരോപണം.
9 കോൺഗ്രസ് കൗൺസിലർമാരും വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും ഒരംഗം വോട്ടെടുപ്പിൽ പങ്കെടുത്തിട്ടുണ്ട്. കെജ്‍രിവാള്‍ ജനങ്ങൾക്ക് നൽകിയ 10 വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നായിരുന്നു മേയറായി ചുമതലയേറ്റ ഷെല്ലി ഒബ്രോയിയുടെ ആദ്യ പ്രതികരണം. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുമെന്നും അതിന്റെ സുഗമമായ പ്രവർത്തനത്തിൽ സഹകരിക്കുമെന്നും വിജയത്തിന് ശേഷം ഷെല്ലി ഒബ്റോയ് പ്രതികരിച്ചു.
ആംആദ്മി പാർട്ടി ബിജെപി തർക്കത്തെ തുടർന്ന് 3 തവണയാണ് മേയർ തെരഞ്ഞെടുപ്പ് മുടങ്ങിയത്. ഒടുവിൽ ഗവർണർ നാമനിർദ്ദേശം ചെയ്ത 10 അംഗങ്ങൾക്ക് വോട്ട് അവകാശം ഇല്ലെന്ന് സുപ്രിംകോടതി വിധിച്ചതോടെ ആണ് തെരഞ്ഞെടുപ്പ് പൂർത്തിയായത്. നിലവിലെ അംഗങ്ങളുടെ അടിസ്ഥാനത്തിൽ 6 സ്റ്റാൻഡിംഗ് കൗൺസിലുകളിൽ 3 എണ്ണത്തിൽ ആംആദ്മി പാർട്ടിക്കും 2 എണ്ണത്തിൽ ബിജെപിക്കും വിജയം സുനിശ്ചിതമായിരുന്നു.