മോദിക്കെതിരെ മന്ത്രിയുടെ അധിക്ഷേപ പോസ്റ്റ്: മാലിദ്വീപ് യാത്ര ഉപേക്ഷിക്കാൻ ആഹ്വാനം
മാലിദ്വീപ് സർക്കാർ വെബ്സൈറ്റുകൾക്ക് നേരെ ആക്രമണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് മന്ത്രിയുടെ പേരിലുള്ള സാമൂഹിക മാധ്യമത്തിലെ പോസ്റ്റിനെ ചൊല്ലി വിവാദം. നിരവധി ഇന്ത്യക്കാർ മാലദ്വീപ് യാത്ര ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചു.
കഴിഞ്ഞദിവസമാണ് മന്ത്രി മറിയം ഷിയുനയുടെ പേരിലുള്ള ‘എക്സ്’ അക്കൗണ്ടിൽനിന്ന് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള പോസ്റ്റ് വന്നത്. ഇത് പിന്നീട് ഡിലീറ്റ് ചെയ്യപ്പെടുകയുണ്ടായി.
കഴിഞ്ഞദിവസം മോദി ലക്ഷദ്വീപിൽ സന്ദർശിച്ചതിന്റെയും സ്നോർക്കലിങ് നടത്തിയതിന്റെയും ചിത്രങ്ങളും വീഡിയോകളും ‘എക്സി’ൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു മറിയത്തിന്റെ പോസ്റ്റ് വന്നത്. ‘എന്തൊരു കോമാളിയാണ്. ലൈഫ് ജാക്കറ്റുമായി ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര ഡൈവർ’ എന്നായിരുന്നു പോസ്റ്റ്. വിസിറ്റ് മാലിദ്വീപ് എന്ന ഹാഷ് ടാഗും കൂടെയുണ്ടായിരുന്നു.
ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. #BoycottMaldives എന്ന ഹാഷ് ടാഗ് ‘എക്സി’ൽ ട്രെൻഡിങ്ങാണ്. നിരവധി പേർ തങ്ങളുടെ മാലിദ്വീപ് യാത്ര ഉപേക്ഷിച്ചതായി കാണിച്ച് രംഗത്തുവന്നു.
8,000ത്തോളം ഹോട്ടൽ ബുക്കിങ്ങും 2500ഓളം വിമാന ടിക്കറ്റുകളും കാൻസൽ ചെയ്തതായി റിപ്പോർട്ടുണ്ട്. കൂടാതെ മാലിദ്വീപ് സർക്കാറിന്റെ വെബ്സൈറ്റുകൾക്ക് നേരെ ആക്രമണം നടന്നതായുള്ള വിവരവും പുറത്തുവന്നിരിന്നു.
മന്ത്രിയുടെ പോസ്റ്റിനെതിരെ മാലിദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ളവർ രംഗത്തുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പരാമർശം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവം വിവാദമായതോടെ മന്ത്രിയെ തള്ളി മാലിദ്വീപ് സർക്കാർ പ്രസ്താവനയിറക്കിയിട്ടുണ്ട്. 'അഭിപ്രായങ്ങൾ വ്യക്തിപരമാണ്, മാലിദ്വീപ് സർക്കാറിന്റെ നയങ്ങളുമായി ബന്ധമില്ല. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യപരമായും ഉത്തരവാദിത്തപരമായും, വിദ്വേഷവും നിഷേധാത്മകതയും പ്രചരിപ്പിക്കാത്ത രീതിയിലും മാലിദ്വീപും മറ്റു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന് തടസ്സമാകാത്ത രീതിയിലും ഉപയോഗിക്കണമെന്ന് സർക്കാർ വിശ്വസിക്കുന്നു. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കില്ല’ -പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, നവംബറിൽ പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരമേറ്റശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിട്ടുണ്ട്. വിദേശനയത്തിൽ മാറ്റമുണ്ടാകുമെന്നും ചൈനയുമായിട്ടാകും കൂടുതൽ ബന്ധമെന്നുമുള്ള സൂചന പുതിയ പ്രസിഡന്റ് നൽകിയിരുന്നു. കൂടാതെ ജനുവരി 8 മുതൽ 12 വരെ മുയിസു ചൈന സന്ദർശിക്കുന്നുണ്ട്.
അതേസമയം, വിവാദം മാലിദ്വീപിന് വലിയ തിരിച്ചടിയാകും. 2023 ഡിസംബർ വരെ മാലിദ്വീപ് സന്ദർശിച്ചവരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിനോദ സഞ്ചാരികളായിരുന്നുവെന്ന് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ 13 വരെ 17,57,939 വിനോദസഞ്ചാരികൾ മാലിദ്വീപിൽ എത്തിയിട്ടുണ്ട്. ഇതിൽ ഇന്ത്യയിൽനിന്ന് 2,09,198 പേർ എത്തി. രണ്ടാമതുള്ള റഷ്യയിൽനിന്ന് 2,09,146 പേരും ചൈനയിൽനിന്ന് 1,87,118 പേരും സന്ദർശിച്ചു.