ഹൈദരാബാദ് സർവകലാശാലയിൽ ബി.ബി.സി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതിനെതിരെ എ.ബി.വിപി
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എച്ച്.സി.യു ഘടകമാണ് പ്രദർശനം സംഘടിപ്പിച്ചത്
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ ബി.ബി.സി ഡോക്യൂമെന്ററിയുടെ ആദ്യ ഭാഗം പ്രദർശിപ്പിച്ച സംഭവത്തിൽ എ.ബി.വി.പി പോലീസിൽ പരാതി നൽകി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എച്ച്.സി.യു ഘടകമാണ് പ്രദർശനം സംഘടിപ്പിച്ചത്. നിരോധിച്ച ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയിലെ ഒരു കാമ്പസിൽ ആദ്യമായി പ്രദർശിപ്പിച്ചത് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലാണ്. ജെ.എൻ.യുവിലെ വിദ്യാർഥികൾ ഡോക്യുമെന്ററി കാണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സർവകലാശാല അനുമതി നിഷേധിക്കുകയായിരുന്നു. കാമ്പസിലെ സമാധാന അന്തരീക്ഷം തകർക്കരുതെന്നും നിർദേശം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നുമായിരുന്നു സർവകലാശാല രജിസ്ട്രാറുടെ ഉത്തരവ്.
ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വാദവുമായാണ് ബി.ബി.സി ഡോക്യുമെന്ററി പുറത്തുവന്നത്. ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ബ്രിട്ടനിൽ കഴിഞ്ഞയാഴ്ചയാണ് ബി.ബി.സി ടു സംപ്രേക്ഷണം ചെയ്തത്. ഇന്ത്യയിലും യൂട്യൂബിൽ ലഭ്യമായിരുന്നെങ്കിലും പിന്നീട് നീക്കുകയായിരുന്നു. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ഇതുവരെ പുറത്തുവിടാത്ത രഹസ്യരേഖകൾ അടങ്ങിയാണ് ഡോക്യുമെന്ററി. വംശഹത്യയിലേക്ക് സംഘർഷവും കലാപവും എത്തിയതെങ്ങനെയെന്ന അന്വേഷണം കൂടിയാണിത്. വംശഹത്യക്ക് പിന്നാലെ ബ്രിട്ടീഷ് സർക്കാർ രൂപംകൊടുത്ത അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ പല ഭാഗങ്ങളും ഡോക്യുമെന്ററിയിലുണ്ട്. 2021 ലെ ഐ.ടി നിയമത്തിലെ റൂൾ 16 പ്രകാരമുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംങ് സെക്രട്ടറി ഡോക്യുമെന്ററി നിരോധിച്ചത്.