രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ കണക്കുകള്‍
കോവിഡ് മഹാമാരി രാജ്യത്തെ നിശ്ചലമാക്കിയ കഴിഞ്ഞ വര്‍ഷം മാത്രം രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത് 10,093 കേസുകളാണ്.
രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. 2019-2020 വര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡല്‍ഹിക്ക് പിന്നാലെ മുംബൈയിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടിയെന്നും കണക്കിലുണ്ട്.
കോവിഡ് മഹാമാരി രാജ്യത്തെ നിശ്ചലമാക്കിയ കഴിഞ്ഞ വര്‍ഷം മാത്രം രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത് 10,093 കേസുകളാണ്. മുംബൈയിലും പുനെയിലും ബെംഗളൂരുവിലും ഇന്‍ഡോറിലും പ്രതിവര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളേക്കാള്‍ ഇരട്ടിയാണ് ഈ കണക്കുകള്‍. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 997 ലൈംഗികപീഡന കേസുകളും, 110 ഗാര്‍ഹിക പീഡന കേസുകളും 1,840 ആക്രമണങ്ങളും 326 തട്ടിപ്പ് കേസുകളുമാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
30 വയസില്‍ താഴെയുള്ള യുവതികളാണ് കൂടുതലും ആക്രമണത്തിന് ഇരയാകുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സൈബര്‍ ക്രൈമുകളും ഡല്‍ഹിയില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. 50 മുതല്‍ 60 വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് 168 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈനിലൂടെ പണം തട്ടിയെടുക്കുന്നതിന് പുറമെ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയും പണം തട്ടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.