മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈഗിംകാരോപണം ഉന്നയിച്ച യുവതിയുടെ ഫോണും ചോര്‍ത്തി
2018 ലാണ് കോടതിയിലെ ജീവനക്കാരിയായിരുന്ന യുവതി രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. ഇതിന് പിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈഗിംകാരോപണം ഉന്നയിച്ച യുവതിയുടെ മൂന്ന് ഫോൺ നമ്പറുകൾ പെഗാസസ് ചാര സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ചോർത്തിയതായി റിപ്പോർട്ട്. ഇതിന് പുറമെ ഭർത്താവിന്റെയും മറ്റ് ബന്ധുക്കളുടെയും എട്ട് ഫോൺ നമ്പറുകളും പെഗാസസ് ചോർത്തിയിട്ടുണ്ട്.
2018 ലാണ് കോടതിയിലെ ജീവനക്കാരിയായിരുന്ന യുവതി രഞ്ജൻ ഗൊഗോയിക്കെതിരെ പീഡനപരാതി നൽകിയത്. ഇതിന് പിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. 2018 ഒക്ടോബര്‍ 10,11 ദിവസങ്ങളിലാണ് ചീഫ് ജസ്റ്റിസില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായതായി പരാതിക്കാരി 28 പേജുള്ള പരാതിയില്‍ പറയുന്നത്. വീട്ടിലെ ഓഫീസില്‍ വച്ച് അപമര്യാദയായി ദേഹത്ത് സ്പര്‍ശിച്ചു എന്നായിരുന്നു ആരോപണം.
സുപ്രീംകോടതിയിലെ ഒരു ജീവനക്കാരി ചീഫ് ജസ്റ്റിസായിരിക്കെ രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ആരോപണത്തിൽ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഉത്സവ് ബെയിൻസ് നൽകിയ പരാതിയിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തിരുന്നു. പരാതി അന്വേഷിച്ച റിട്ട. ജസ്റ്റിസ് എ കെ പട്നായിക് സമിതിയാണ് ഗൂഢാലോചന സാധ്യത തള്ളാതെയുള്ള റിപ്പോര്‍ട്ട് നൽകിയത്. പൗരത്വ രജിസ്റ്റര്‍ വിഷയത്തിൽ ജസ്റ്റിസ് ഗൊഗോയി എടുത്ത കടുത്ത നിലപാടാകാം ഗൂഢാലോചനക്ക് കാരണമെന്ന് 2019 ജൂലായ് 5ന് അന്നത്തെ ഐ ബി മേധാവി അയച്ച കത്തും റിപ്പോര്‍ട്ടിൽ പരാമര്‍ശിക്കുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് ഗൂഢാലോചന അന്വേഷിക്കണം എന്ന പരാതി ഇപ്പോൾ കാലഹരണപ്പെട്ടുവെന്ന് വ്യക്തമാക്കി. അതിനാൽ തുടരന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും ഉത്തരവിട്ടു.