'തെരഞ്ഞെടുപ്പ് സമയത്ത് കൃത്യമായി പാലം തകർന്നു; തട്ടിപ്പുകാരിയുടെ പണി'-മമതയ്‌ക്കെതിരെ മോദിയുടെ പഴയ പ്രസംഗം പൊക്കിക്കൊണ്ടുവന്ന് പ്രതിപക്ഷം
2016ൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് കൊൽക്കത്തയിൽ മേൽപ്പാലം തകർന്നത്. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോഴുള്ള അപകടം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്‍റെ ആക്രമണം
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കുന്ന ഗുജറാത്തിലെ തൂക്കുപാലം അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷം. മോദിയുടെ പഴയൊരു പ്രസംഗം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആക്രമണം. 2016ൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കൊൽക്കത്തയിലെ വിവേകാനന്ദ റോഡ് മേൽപ്പാലം തകർന്നുണ്ടായ അപകടത്തിലായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയെ ലക്ഷ്യമിട്ട് മോദിയുടെ പ്രസംഗം.
ഇത്രയും വലിയൊരു പാലം തകർന്നിട്ട് ദൈവത്തിന്റെ പണിയെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ഇത് ദൈവത്തിന്റെ പണിയല്ല, തട്ടിപ്പുകാരിയുടെ പണിയാണ്. തട്ടിപ്പുകാരിയുടെ പ്രവൃത്തികളുടെ ഫലമാണിത്. ഒരുപരിധിവരെ ദൈവത്തിന്റെ പണി തന്നെയാണ്. തെരഞ്ഞെടുപ്പിനിടെ തന്നെ തകർന്നതുകൊണ്ട് താങ്കളുടെ സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് അറിയാനായി. ഇന്നിപ്പോൾ പാലം തകർന്നു, നാളെ ബംഗാളും തകരുമെന്ന് ദൈവം ജനങ്ങൾക്കു നൽകിയ സന്ദേശമാണിത്-വിവാദ പ്രസംഗത്തിൽ മമതയെ ലക്ഷ്യമിട്ട് മോദി പറയുന്നു.
സംഭവത്തിൽ ഇടതുപക്ഷ സർക്കാർ നൽകിയ കരാറിനെ മമത വിമർശിച്ചതിനെയും മോദി കുറ്റപ്പെടുത്തി. ഇടതുസർക്കാരാണ് കരാർ നൽകിയതെന്നാണ് സ്ഥലത്തെത്തിയ ശേഷം അവർ ആദ്യം തന്നെ പറഞ്ഞത്. ഇടതായാലും വലതായാലും ദീദി ആദ്യം മരിക്കുന്നവരെ കുറിച്ച് ആലോചിക്കണം. മരിച്ചവരെ ആദരിക്കണം-2016 ഏപ്രിലിൽ നടത്തിയ പ്രസംഗത്തിൽ മോദി ആവശ്യപ്പെട്ടു.
പ്രസംഗത്തിന്റെ യൂട്യൂബ് ലിങ്ക് പങ്കുവച്ച് തൃണമൂൽ നേതാവും രാജ്യസഭാ എം.പിയുമായ സുഖേന്ദു ശേഖർ റോയ് മോദിയെ വിമർശിച്ചു. ''കൊൽക്കത്ത മേൽപ്പാലം അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മമത ബാനർജിയെ വേട്ടയാടുന്നു. ഗുജറാത്തിൽ അടുത്തിടെ അറ്റകുറ്റപണി പൂർത്തിയാക്കിയ പാലത്തിൽ ഇന്നലെയുണ്ടായ അപകടത്തിലുണ്ടായ 132 പേരുടെ മരണത്തിൽ അൽപം കണ്ണുനീരൊഴുക്കൂ''-സുകേന്ദു ശേഖർ വിമർശിച്ചു.
മോദിയുടെ പഴയ പ്രസംഗം ശിവസേന എം.പി പ്രിയങ്ക ചതുർവേദിയും ഓർമിപ്പിച്ചു. മോദി ഒരു ബോധമില്ലാതെ നടത്തിയ പ്രസംഗം ഇവിടെ പങ്കുവയ്ക്കുന്നില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ദൈവത്തിന്‍റെ പണിയാണോ, അതോ തട്ടിപ്പുകാരന്‍റെ പണിയാണോയെന്ന് മോദിയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്ങും ചോദിച്ചു.
2016 മാർച്ച് 31നാണ് കൊൽക്കത്തയിലെ വിവേകാനന്ദ റോഡിലെ മേൽപ്പാലം തകർന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച സമയത്തായിരുന്നു ഇത്. ഇതിനെ ബി.ജെ.പി തെരഞ്ഞെടുപ്പിൽ വലിയ വിഷയമാക്കി ഉയർത്തുകയും ചെയ്തിരുന്നു.
Summary: Following the Gujarat bridge tragedy, Opposition reminds PM Narendra Modi of his 2016 'Act of fraud' remarks against Mamata Banerjee over Kolkata flyover collapse