നടന്‍ ഗോവിന്ദക്ക് അബദ്ധത്തില്‍ വെടിയേറ്റു

കാലിനാണ് വെടിയേറ്റത്

Update: 2024-10-01 05:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദക്ക് വെടിയേറ്റും. തന്‍റെ കൈവശമുണ്ടായിരുന്ന തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കാലിനാണ് വെടിയേറ്റത്. താരത്തെ ഉടന്‍ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതായാണ് വിവരം.

ചൊവ്വാഴ്ച പുലർച്ചെ 4:45 ഓടെ ഒരു പരിപാടിക്കായി കൊല്‍ക്കത്തയിലേക്ക് പോകുന്നതിനു മുന്‍പ് വീട്ടില്‍ വച്ച് തോക്ക് പരിശോധിക്കുന്നതിനിടെയാണ് സംഭവം. നിലവില്‍ മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ കഴിയുന്ന ഗോവിന്ദയുടെ നില തൃപ്തികരമാണ്. മകള്‍ ടിന അഹൂജയും നടനൊപ്പമുണ്ട്. താരം അപകടനില തരണം ചെയ്തുവെന്നും പരിക്കിൽ നിന്ന് മോചിതനായെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നടൻ കൈവശം വച്ചിരുന്ന തോക്ക് ലൈസൻസ് ഉള്ളതാണെന്ന് പൊലീസ് വ്യക്തമാക്കി.ഗോവിന്ദയുടെ മാനേജർ ശശി സിൻഹയാണ് താരത്തിന് സ്വന്തം റിവോൾവറിൽ വെടിയേറ്റെന്ന വാർത്ത സ്ഥിരീകരിച്ചത്.

ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള താരമായിരുന്നു ഗോവിന്ദ. 120ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആങ്കേൻ, കൂലി നം. 1, ഹസീന മാൻ ജായേംഗി, പാർട്ണർ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ഈയിടെ ഡാൻസ് ഡീവാനെ എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവായി ഗോവിന്ദയെ കണ്ടിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വർഷം മാർച്ചിലാണ് ഏകനാഥ് ഷിൻഡെയുടെ ശിവസേനയുടെ ഗോവിന്ദ ചേരുന്നത്. സംശുദ്ധമായ പാർട്ടിയായതുകൊണ്ടാണ് താന്‍ ശിവസേനയില്‍ ചേര്‍ന്നതെന്നായിരുന്നു ഗോവിന്ദയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് അദ്ദേഹം മോദിയെ കാണുകയും അദ്ദേഹത്തിനൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News