2026ൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകും: നടന്‍ പ്രേംജി അമരന്‍
2026ൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് ഞാൻ ഉറപ്പ് പറയുന്നു
ചെന്നൈ: 2026ൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് നടൻ പ്രേംജി അമരന്‍. ദളപതിയുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ തീര്‍ച്ചയായും താരത്തിന് വോട്ടു ചെയ്യുമെന്നും 2026ല്‍ വിജയ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു പ്രേംജിയുടെ പ്രതികരണം.
''2026ൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് ഞാൻ ഉറപ്പ് പറയുന്നു. കാത്തിരുന്ന് കാണുക'' പ്രേംജി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. വിജയുടെ പുതിയ ചിത്രമായ ഗോട്ടിനെക്കുറിച്ചും പ്രേംജി സംസാരിച്ചു. ''നിങ്ങള്‍ക്കറിയാവുന്നതുപോലെ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. അതില്‍ മുതിര്‍ന്നയാളെ ഞാന്‍ മാമന്‍ എന്നാണ് വിളിക്കുന്നത്. ഇളയ ആള്‍ എന്നെ മാമനെന്നും. സ്നേഹയുടെ സഹോദരനായിട്ടാണ് ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നത്. വയസായ വിജയിന്‍റെ ഭാര്യയുടെ റോളിലാണ് സ്നേഹ'' പ്രേംജി വിശദീകരിച്ചു. വിജയിനെയും അജിതിനെയും കൂടാതെ താന്‍ രജനീകാന്തിന്‍റെയും ആരാധകനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെങ്കിട് പ്രഭുവാണ് ഗോട്ടിന്‍റെ സംവിധാനം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം എജിഎസ് എൻ്റർടെയ്ൻമെൻ്റാണ് നിര്‍മിച്ചിരിക്കുന്നത്. സംഗീതം-യുവാന്‍ ശങ്കര്‍രാജ. വിജയുടെ കരിയറിലെ അവസാന പടത്തിനു മുന്‍പുള്ള ചിത്രമെന്ന രീതിയില്‍ വന്‍ ഹൈപ്പിലാണ് ചിത്രം ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗിലും ചിത്രം റെക്കോഡിട്ടിരിക്കുകയാണ്. മൂന്നു കോടിക്ക് മുകളിലാണ് കേരളത്തില്‍ നിന്നും മാത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ ഗോട്ട് നേടിയത്. പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ, ജയറാം, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അതേസമയം 2026 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ പൊതുസമ്മേളനം ഉടന്‍ നടക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനാണ് നീക്കം.