'അദാനിയും മോദിയും ഒന്നാണ്'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണന്നെന്ന ഒറ്റ ചോദ്യം മാത്രമാണ് താൻ ഉയർത്തിയത്. സത്യമറിയുന്നത് വരെ ഈ ചോദ്യം ചോദിച്ചുക്കൊണ്ടേയിരിക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു
റായ്പൂര്‍: കോൺഗ്രസ് പ്ലീനറിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. 'അദാനിയും മോദിയും ഒന്നാണ്. അദാനിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണന്നെന്ന ഒറ്റ ചോദ്യം മാത്രമാണ് ഞാൻ ഉയർത്തിയത്. സത്യമറിയുന്നത് വരെ ഈ ചോദ്യം ചോദിച്ചുക്കൊണ്ടേയിരിക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ ലക്ഷങ്ങൾ അണിനിരന്നു. പ്രതികൂല കാലാവസ്ഥയിലും ആളുകൾ എത്തി. കൃഷി, തൊഴിലുറപ്പ് പദ്ധതി, തുടങ്ങിവയിൽ കുറെ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കർഷകരുമായി സംസാരിച്ചപ്പോൾ മനസ്സിലായി. കശ്മീരിലെ ലാൽ ചൗക്കിൽ നരേന്ദ്ര മോദിക്ക് ദേശീയ പതാക ഉയർത്താൻ കഴിയുമോ തനിക്ക് അത് സാധിച്ചത് കശ്മീലെ യുവാക്കളുടെ ഹൃദയം കവരാൻ കഴിഞ്ഞതുകൊണ്ടാണ്'. രാഹുല്‍ ഗാന്ധി പറഞ്ഞു.
ചൈന വൻ സാമ്പത്തിക ശക്തിയാണെന്ന വിദേശകാര്യ മന്ത്രിയുടെ നിലപാടിനെതിരെ രാഹുൽ തുറന്നടിച്ചു. സവർക്കർ സ്വീകരിച്ച നിലപാടിന് തുല്യമാണ് ഇതെന്ന് രാഹുൽ പറഞ്ഞു. 'ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കാൾ വലുതാണെന്ന് സവർക്കർ പണ്ട് പറഞ്ഞിരുന്നു. സർക്കാരിന്റെ നയങ്ങൾ കൊണ്ടാണ് അദാനി സമ്പന്നനായത്. പ്രധാന മന്ത്രിയും മന്ത്രിമാരും അദാനിയുടെ സംരക്ഷകരായി മാറി. അദാനി ഷെൽ കമ്പനികളിൽ നിഗൂഢത തുടരുകയാണ്. പ്രതിരോധ മേഖലയിൽ അടക്കം ഈ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അദാനിക്ക് എതിരായ വാദങ്ങൾ പാർലമെന്റിൽ നിന്ന് പോലും നീക്കുകയാണ്. അതുകൊണ്ട് പോരാട്ടം അവസാനിക്കുന്നില്ല'. രാഹുൽ കൂട്ടിച്ചേർത്തു.
'ഈസ്റ്റ് ഇന്ത്യ കമ്പനിയും ഒരു കമ്പനിയായിരുന്നു. ഇന്ത്യയുടെ എല്ലാ സമ്പത്തും കൊണ്ട് പോയി. ഇന്ന് ചരിത്രം ആവർത്തിക്കുകയാണ്. ഇപ്പോൾ അദാനി കമ്പനിയും എല്ലാം കൊണ്ടുപോവുകയാണ്. ഈ സംവിധാനത്തിനെതിരായ പോരാട്ടത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും അണി ചേരണം. ഖാർഗെ ജീ അതിനുള്ള പദ്ധതികൾ രൂപം നൽകണം. ഞാൻ അടക്കം എല്ലാവരും അണിചേരും'. രാഹുൽ ഗാന്ധി പറഞ്ഞു