അദാനി രാജ്യത്തിന്റെ സമ്പത്ത് ഊറ്റുകയാണ്: മല്ലികാർജുൻ ഖാർഗെ

അദാനിക്കെതിരെ രാഹുൽ ഗാന്ധിക്ക് ഒപ്പം പോരാട്ടം തുടരുമെന്നും മുഴുവൻ പ്രവർത്തകരും പോരാട്ടത്തിൽ അണിചേരുമെന്നും ഖാർഗെ പറഞ്ഞു

Update: 2023-02-26 09:17 GMT
Advertising

റായ്പൂര്‍: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അദാനിയെ രൂക്ഷമായി വിമർശിച്ച് മല്ലികാർജുൻ ഖാർഗെ. 'അദാനി രാജ്യത്തിന്റെ സമ്പത്ത് ഊറ്റുകയാണ്', അദാനിക്കെതിരെ രാഹുൽ ഗാന്ധിക്ക് ഒപ്പം പോരാട്ടം തുടരുമെന്നും  മുഴുവൻ പ്രവർത്തകരും പോരാട്ടത്തിൽ അണിചേരുമെന്നും ഖാർഗെ പറഞ്ഞു.

പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വിമർശിച്ചിരുന്നു. 'അദാനിയും മോദിയും ഒന്നാണ്. അദാനിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണന്നെന്ന ഒറ്റ ചോദ്യം മാത്രമാണ് ഞാൻ ഉയർത്തിയത്. സത്യമറിയുന്നത് വരെ ഈ ചോദ്യം ചോദിച്ചുക്കൊണ്ടേയിരിക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ ലക്ഷങ്ങൾ അണിനിരന്നു. പ്രതികൂല കാലാവസ്ഥയിലും ആളുകൾ എത്തി. കൃഷി, തൊഴിലുറപ്പ് പദ്ധതി, തുടങ്ങിവയിൽ കുറെ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കർഷകരുമായി സംസാരിച്ചപ്പോൾ മനസ്സിലായി. കശ്മീരിലെ ലാൽ ചൗക്കിൽ നരേന്ദ്ര മോദിക്ക് ദേശീയ പതാക ഉയർത്താൻ കഴിയുമോ തനിക്ക് അത് സാധിച്ചത് കശ്മീലെ യുവാക്കളുടെ ഹൃദയം കവരാൻ കഴിഞ്ഞതുകൊണ്ടാണ്'എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ചൈന വൻ സാമ്പത്തിക ശക്തിയാണെന്ന വിദേശകാര്യ മന്ത്രിയുടെ നിലപാടിനെതിരെയും രാഹുൽ തുറന്നടിച്ചിരുന്നു. സവർക്കർ സ്വീകരിച്ച നിലപാടിന് തുല്യമാണ് ഇതെന്നാണ് രാഹുൽ പറഞ്ഞത്. 'ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കാൾ വലുതാണെന്ന് സവർക്കർ പണ്ട് പറഞ്ഞിരുന്നു. സർക്കാരിന്റെ നയങ്ങൾ കൊണ്ടാണ് അദാനി സമ്പന്നനായത്. പ്രധാന മന്ത്രിയും മന്ത്രിമാരും അദാനിയുടെ സംരക്ഷകരായി മാറി. അദാനി ഷെൽ കമ്പനികളിൽ നിഗൂഢത തുടരുകയാണ്. പ്രതിരോധ മേഖലയിൽ അടക്കം ഈ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അദാനിക്ക് എതിരായ വാദങ്ങൾ പാർലമെന്റിൽ നിന്ന് പോലും നീക്കുകയാണ്. അതുകൊണ്ട് പോരാട്ടം അവസാനിക്കുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

'ഈസ്റ്റ് ഇന്ത്യ കമ്പനിയും ഒരു കമ്പനിയായിരുന്നെന്നും ഇന്ത്യയുടെ എല്ലാ സമ്പത്തും അവർ കൊണ്ട് പോയെന്നും പറഞ്ഞ രാഹുൽ ഇന്ന് ചരിത്രം ആവർത്തിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ അദാനി കമ്പനിയും എല്ലാം കൊണ്ടുപോവുകയാണ്. ഈ സംവിധാനത്തിനെതിരായ പോരാട്ടത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും അണി ചേരണം. ഖാർഗെ ജീ അതിനുള്ള പദ്ധതികൾ രൂപം നൽകണം. ഞാൻ അടക്കം എല്ലാവരും അണിചേരുമെന്നും'. രാഹുൽ ഗാന്ധി അറിയിച്ചിരുന്നു.

മൂന്ന് ദിവസം നീണ്ടുനിന്ന കോൺഗ്രസിന്‍റെ 85മത് പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം ലക്ഷ്യം വെച്ചാണ് കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനം. ജനവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടിയാകും പ്രതിഷേധം. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ മുഖമായി ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളും സജീവമാണ്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് കോൺഗ്രസിന് അനിവാര്യമാണ്. അതിനായി സർവശക്തിയും സംഭരിച്ചുള്ള തിരിച്ചുവരവിനാണ് നീക്കം. പ്രതിപക്ഷ ഐക്യ ചർച്ചകൾ പ്ലീനറി സമ്മേളനത്തിലുടനീളം ഉണ്ടായി. ഒറ്റയ്ക്ക് നേരിടുന്നതിലും ഉചിതം സമാനമനസ്കരെ കൂടെ നിർത്തി പോരാടുന്നതാണെന്ന് നേതാക്കൾക്ക് കൃത്യമായ ധാരണയുണ്ട്. പ്ലീനറി തീരുമാനങ്ങൾ കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് നേതാക്കാൾ കണക്കുകൂട്ടുന്നു.

ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ വിജയത്തിൽ കുറഞ്ഞ ഒന്നും കോൺഗ്രസ് ലക്ഷ്യം വെക്കുന്നില്ല. ഭാരത് ജോഡോ യാത്രയുടെ വിജയം ഊർജമാക്കി മുന്നോട്ടു പോകണം എന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതെല്ലാം പറയുമ്പോഴും വിട്ടുവീഴ്ച മാത്രമല്ല വിലപേശലും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News