'അദാനിയുടെ പോര്‍ട്ടില്‍ നിന്ന് പിടിച്ചത് 21,000 കോടിയുടെ മയക്കുമരുന്ന്.. എവിടെ എന്‍സിബി, ഇ.ഡി, സിബിഐ?'

'റിയ ചക്രബര്‍ത്തിയില്‍ നിന്നും 59 ഗ്രാം കഞ്ചാവ് പിടിച്ചപ്പോള്‍ എന്‍സിബിയും ഇ.ഡിയും സിബിഐയും മാധ്യമങ്ങളും അവരുടെ പിന്നാലെയുണ്ടായിരുന്നു'

Update: 2021-09-21 11:02 GMT
Advertising

ഗുജറാത്തിലെ കച്ച് ജില്ലയില്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര പോര്‍ട്ടില്‍ നിന്നും 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിട്ടും എവിടെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഇ.ഡിയും സിബിഐയും മാധ്യമങ്ങളും എന്നാണ് ട്വിറ്ററാറ്റികളുടെ ചോദ്യം.

ബോളിവുഡ് താരം റിയ ചക്രബര്‍ത്തിയുടെ കയ്യില്‍ നിന്നും 59 ഗ്രാം കഞ്ചാവ് പിടിച്ചപ്പോള്‍ എന്‍സിബിയും ഇ.ഡിയും സിബിഐയും ഐ.ടിയും മാധ്യമങ്ങളും അവരുടെ പിന്നാലെയുണ്ടായിരുന്നു. ബിജെപിയുടെ പമേല ഗോസ്വാമിയില്‍ നിന്നും 100 ഗ്രാം കൊക്കെയിന്‍ പിടിച്ചപ്പോള്‍ ആരും പിന്നാലെ പോയില്ല. ഇപ്പോള്‍ 21000 കോടി രൂപ വിലമതിക്കുന്ന 3000 കിലോഗ്രാം ഹെറോയിന്‍ അദാനിയുടെ മുന്ദ്ര പോര്‍ട്ടില്‍ നിന്നും പിടികൂടി. എവിടെ എന്‍സിബിയും ഇ.ഡിയും സിബിഐയും മാധ്യമങ്ങളും എന്നാണ് ഒരാളുടെ ചോദ്യം.

മാധ്യമങ്ങളുടെ നിശബ്ദതയെയും ചിലര്‍ വിമര്‍ശിക്കുന്നു. ബോളിവുഡില്‍ 10 ഗ്രാം കഞ്ചാവ് പിടിച്ചപ്പോള്‍ അവസാനമില്ലാത്ത ചര്‍ച്ചകള്‍ സംഘടിപ്പിച്ച മാധ്യമങ്ങള്‍ ‍3000 കിലോഗ്രാം മയക്കുമരുന്ന് അദാനിയുടെ തുറമുഖത്ത് നിന്ന് പിടിച്ചപ്പോള്‍ നിശബ്ദരാണെന്നാണ് ഉയരുന്ന വിമര്‍ശനം.

സ്വകാര്യവത്കരണത്തെ പരസ്യമായി എതിർക്കുക. അല്ലെങ്കില്‍ അദാനിയുടെ തുറമുഖത്തു നിന്ന് പിടിച്ച മയക്കുമരുന്ന് പോലെ വിഷം പ്രചരിപ്പിക്കുന്ന ബിസിനസ് രാജ്യത്ത് നടക്കുമെന്നാണ് മറ്റൊരാളുടെ അഭിപ്രായം.

ഹെറോയിന്‍ കടത്ത് ടാല്‍ക്കം പൗഡറെന്ന വ്യാജേന

അഫ്ഗാനിസ്താനില്‍ നിന്നാണ് ഹെറോയിന്‍ ഇറക്കുമതി ചെയ്തതെന്ന് റവന്യൂ ഇന്റലിജന്‍സ് അറിയിച്ചു. ടാല്‍ക്കം പൗഡറിന്റെ മറവിലാണ് കോടികള്‍ വിലമതിക്കുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്. ആന്ധ്രാ പ്രദേശിലെ വിജയവാഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷി ട്രേഡിംഗ് എന്ന സ്ഥാപനമാണ് കണ്ടെയ്‌നറുകള്‍ അഫ്ഗാനിസ്താനില്‍ നിന്ന് മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്തത്. അഫ്ഗാനിസ്താനില്‍ നിന്ന് ടാല്‍ക്കം പൗഡറുകളാണ് ഇറക്കുമതി ചെയ്യുന്നതെന്നാണ് കമ്പനി അറിയിച്ചിരുന്നത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News