മലയിൽ നിന്ന് കുത്തിയൊലിച്ച് വെള്ളം, മിന്നൽ പ്രളയത്തിൽ തകർന്ന് ഹിമാചൽ; ദൃശ്യങ്ങൾ
ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു അറിയിച്ചു
ഹിമാചൽ പ്രദേശിൽ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ മൂന്നാമത്തെ വലിയ മഴ കനത്ത ദുരന്തം വിതച്ചു. ശക്തമായത് മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ ഏഴുപേരാണ് മരിച്ചത്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു അറിയിച്ചു. സംസ്ഥാനത്തുനായ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
മാണ്ഡി ജില്ലയിലെ സാംബാൽ ഗ്രാമത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. ഇവിടെ മിന്നൽ പ്രളയത്തിൽ ഒൻപത് പേർ ഒഴുക്കിൽപ്പെട്ടു. മലയോര മേഖലയിൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 21 പേരാണ് മരിച്ചത്. അതിശക്തിയായി വെള്ളം താഴേക്ക് കുത്തിയൊലിച്ചുവരുന്നത് മുഖ്യമന്ത്രി പങ്കിട്ട വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ പകർത്തിയ ആൾ 'എന്റെ ദൈവമേ' എന്ന് വിളിക്കുന്നതും വ്യക്തമാണ്.
ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയാണ്. ഷിംലയിൽ ശിവക്ഷേത്രം തകർന്നുവീണു. ഇതുവരെ ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അറിയിച്ചു. ഇനിയും അനവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഷിംല നഗരത്തിലെ സമ്മർ ഹിൽ പ്രദേശത്തെ ശിവക്ഷേത്രത്തിലുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പത് പേർ മരിച്ചപ്പോൾ സോളൻ ജില്ലയിൽ ഇന്നലെ രാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിച്ചു.
പോലീസും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്) ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ശിവപൂജ നടത്താനെത്തിയ നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ 50 ഓളം പേർ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. ക്ഷേത്രം തകർന്ന സ്ഥലം മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സന്ദർശിക്കും.
ഹിമാചലിലെ സോളനിൽ കാണ്ഡഘട്ട് ജാഡോൺ ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. ആറു പേരെ രക്ഷപ്പെടുത്തി. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാൻ അധികാരികളോട് നിർദേശിച്ചിട്ടുണ്ടെന്ന് ഹിമാചൽ മുഖ്യമന്ത്രി വ്യക്തമാക്കി.