ബിജെപിയില്‍ ചേര്‍ന്നിട്ടും എസ്‍പി ആചാര്യന്‍റെ ആശീര്‍വാദം; മുലായത്തിന്റെ കാലിൽതൊട്ടു വന്ദിച്ച്, അനുഗ്രഹം തേടി അപർണാ യാദവ്
മുലായം സിങ്ങിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയും എസ്പിയുടെ യുവമുഖവുമായിരുന്ന അപർണാ യാദവ് ബുധനാഴ്ചയാണ് ഡൽഹിയിലെത്തി ബിജെപി അംഗത്വം സ്വീകരിച്ചത്
ബിജെപിയിൽ ചേർന്നതിനു പിറകെ സമാജ്‌വാദി പാർട്ടി(എസ്‍പി) ആചാര്യനും ഭർതൃപിതാവുമായ മുലായം സിങ്ങിന്റെ വീട്ടിലെത്തി അനുഗ്രഹം തേടി അപർണാ യാദവ്. ലഖ്‌നൗവിലെ വസതിയിലെത്തിയ അപർണ മുലായത്തിന്റെ കാലിൽ തൊട്ടുവന്നിച്ചാണ് അനുഗ്രഹാശിസ്സുകൾ തേടിയത്. മുലായം തലയിൽ തൊട്ട് അനുഗ്രഹിക്കുന്നതിന്റെ ചിത്രം അപർണ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ബിജെപി അംഗത്വമെടുത്ത ശേഷം ലഖ്‌നൗവിലെത്തി പിതാവിൽനിന്ന്, നേതാജിയിൽനിന്ന് അനുഗ്രഹം സ്വീകരിച്ചുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. ഡൽഹിയിൽ പാർട്ടി അംഗത്വമെടുത്ത ശേഷം തിരിച്ച് ലഖ്‌നൗവിലെ അമൗസി വിമാനത്താവളത്തിലെത്തുമ്പോൾ പ്രവർത്തകരുടെയും അനുയായികളുടെയും വലിയ സ്വീകരണമാണ് ലഭിച്ചതെന്നും മറ്റൊരു ട്വീറ്റിൽ അപർണ കുറിച്ചു. ഇത്രയും വലിയൊരു ആൾക്കൂട്ടമായി അവിടെയെത്തിയതിൽ എല്ലാവർക്കും നന്ദി, നിങ്ങളെല്ലാമാണ് തന്റെ പ്രചോദനമെന്നും അവർ കൂട്ടിച്ചേർത്തു.
भारतीय जनता पार्टी की सदस्यता लेने के पश्चात लखनऊ आने पर पिताजी/नेताजी से आशीर्वाद लिया। pic.twitter.com/AZrQvKW55U
— Aparna Bisht Yadav (@aparnabisht7) January 21, 2022
മുലായം സിങ്ങിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയും എസ്പിയുടെ യുവനേതാവുമായിരുന്ന അപർണ യാദവ് ബുധനാഴ്ചയാണ് ഡൽഹിയിലെത്തി ബിജെപി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനുംനാൾ മാത്രം ബാക്കിനിൽക്കെ മൂന്ന് മന്ത്രിമാരടക്കം ഒബിസി വിഭാഗത്തിൽനിന്നുള്ള നിരവധി എംഎൽഎമാരെ പാർട്ടിയിലെത്തിച്ച് ബിജെപി ക്യാംപിനെ ഞെട്ടിച്ച എസ്പിക്ക് ഷോക്ക് ട്രീറ്റ്‌മെന്റായായിരുന്നു ബിജെപി നീക്കം. അപർണയ്ക്ക് നിയമസഭാ സീറ്റ് ഓഫറുമുണ്ട്.
2017ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഖ്നൗ കന്റോൺമെന്റ് മണ്ഡലത്തിൽ മത്സരിച്ച അപർണ ബിജെപി സ്ഥാനാർത്ഥിയായ റിതാ ബഹുഗുണ ജോഷിയോട് 33,796 വോട്ടിനാണ് തോറ്റത്. നേരത്തെ, സ്വഛ് ഭാരത് കാംപയിനിന്റെ പേരിൽ മോദി സർക്കാരിനെ പ്രശംസിച്ച് അപർണ രംഗത്തെത്തിയിരുന്നു. കശ്മിരിന്റെ പ്രത്യേക ഭരണഘടനാവകാശം റദ്ദാക്കിയ നടപടിയെയും പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള നീക്കത്തെയും അവർ പിന്തുണച്ചിരുന്നു.
Summary: After joining the BJP in New Delhi, Aparna Yadav returned to Lucknow and took blessings of her father-in-law and SP patriarch Mulayam Singh Yadav.