ഭാരത് ജോഡോ യാത്രക്ക് പിന്നാലെ പ്രിയങ്കാ ഗാന്ധി നയിക്കുന്ന മഹിളാ മാർച്ച്
2023-ലാണ് രണ്ട് മാസം നീണ്ടുനിൽക്കുന്ന മഹിളാ മാർച്ച് സംഘടിപ്പിക്കുക. ജനുവരി 26 മുതൽ മാർച്ച് 26 വരെ മുഴുവൻ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാമാർച്ച് സംഘടിപ്പിക്കും.
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നയിക്കുന്ന മഹിളാ മാർച്ച് സംഘടിപ്പിക്കുമെന്ന് കെ.സി വേണുഗോപാൽ. 2023-ലാണ് രണ്ട് മാസം നീണ്ടുനിൽക്കുന്ന മഹിളാ മാർച്ച് സംഘടിപ്പിക്കുക. ജനുവരി 26 മുതൽ മാർച്ച് 26 വരെ മുഴുവൻ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാമാർച്ച് സംഘടിപ്പിക്കും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപിക്കുന്ന ദിവസം തന്നെ പ്രിയങ്കയുടെ മഹിളാ മാർച്ച് തുടങ്ങും എന്നതാണ് ശ്രദ്ധേയം.
സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപകമായി പ്രചാരണം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിന് ഭാഗമായാണ് രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്കയും തെരുവിലിറങ്ങുന്നത്. രാഹുൽ ഗാന്ധിയുടെ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലൂടെ മറ്റൊരു യാത്ര സംഘടിപ്പിക്കണമെന്ന് നേരത്തേ തന്നെ ആവശ്യമുയർന്നിരുന്നു.
അതിനിടെ ഭാരത് ജോഡോ യാത്ര ഇന്ന് രാജസ്ഥാനിൽ പ്രവേശിക്കും. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും യുവനേതാവ് സച്ചിൻ പൈലറ്റും തമ്മിൽ ശീതസമരം നടക്കുന്ന രാജസ്ഥാനിലെ കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമാണ്. മധ്യപ്രദേശിലൂടെയാണ് 12 ദിവസത്തെ യാത്ര പൂർത്തിയാക്കി വൈകീട്ടാണ് രാജസ്ഥാനിലെത്തുന്നത്.