ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.ജെ.പിയില്‍; പത്രിക പിന്‍വലിച്ചു
ബി.ജെ.പി എം.എൽ.എ രമേഷ് മെൻഡോളയ്‌ക്കൊപ്പമാണ് അക്ഷയ് പത്രിക പിന്‍വലിക്കാനെത്തിയത്
ഇന്‍ഡോര്‍: ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. അക്ഷയിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബി.ജെ.പി നേതാവിന്‍റെ ട്വീറ്റിന് പിന്നാലെയാണ് സ്ഥാനാര്‍ഥി തിങ്കളാഴ്ച പത്രിക പിന്‍വലിച്ചത്.
ബി.ജെ.പി എം.എൽ.എ രമേഷ് മെൻഡോളയ്‌ക്കൊപ്പമാണ് അക്ഷയ് പത്രിക പിന്‍വലിക്കാനെത്തിയത്. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അപ്രതീക്ഷിത നീക്കം. മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ കൈലാഷ് വിജയവർഗിയ ബാമിന്‍റെ ചിത്രം പോസ്റ്റ് ചെയ്യുകയും 'പാർട്ടിയിലേക്ക് സ്വാഗതം' എന്നെഴുതിയ ട്വീറ്റ് എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.''പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, സംസ്ഥാന അധ്യക്ഷൻ വി.ഡി ശർമ എന്നിവരുടെ നേതൃത്വത്തിൽ ഇൻഡോറിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ സ്ഥാനാർഥിയായ അക്ഷയ് കാന്തി ബാം ജിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നു'' എന്നാണ് കൈലാഷ് കുറിച്ചത്.
''ഇതിനുത്തരവാദി സംസ്ഥാന പ്രസിഡന്‍റാണ്. ബാമിന് ഇൻഡോറിൽ ഒരു രാഷ്ട്രീയ പ്രവർത്തനവും ഉണ്ടായിരുന്നില്ല.എന്തിനാണ് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ഏറ്റവും പ്രധാനപ്പെട്ട ഇൻഡോർ സീറ്റിൽ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. ഇത് നിസ്സാരമായി കാണേണ്ടതില്ല, കാരണം ഇത് മധ്യപ്രദേശിലെ കോൺഗ്രസ് പാർട്ടിക്ക് നാണക്കേടാണ്'' കോണ്‍ഗ്രസ് മധ്യപ്രദേശ് വക്താവ് അമീൻ ഉള്‍ ഖാൻ സൂരി പറഞ്ഞു.
സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും ബി.ജെ.പി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് പാര്‍ട്ടിക്ക് തിരിച്ചടിയായി മറ്റൊരു സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചത്. സൂറത്ത് ലോക്സഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന നിലേഷ് കുംഭാനിയുടെ പത്രികയാണ് തള്ളിയത്. പത്രിക തള്ളിയതിനു പിന്നാലെ നിലേഷ് കുംഭാനി അപ്രത്യക്ഷനായത് ചര്‍ച്ചയായിരുന്നു. നിലേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നായിരുന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലേഷിന്‍റെ പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളുകയും മറ്റ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് ദലാല്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ വിജയിച്ചത്. അതിനിടെ നിലേഷ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
ഏപ്രില്‍ 18നാണ് നിലേഷ് പത്രിക സമര്‍പ്പിക്കുന്നത്. ബി.ജെ.പി പ്രവർത്തകൻ ദിനേശ് ജോധാനി കുംഭാനിയുടെ പത്രികയിലെ ഒപ്പുകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കുകയും ചെയ്തു. പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് ചൂണ്ടിക്കാട്ടി നാലു പേരുടെ സത്യവാങ്മൂലം തൊട്ടടുത്ത ദിവസം തന്നെ ലഭിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് നീലേഷിനോട് അധികൃതര്‍ ആവശ്യപ്പെട്ടു. മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രില്‍ 21-ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ പത്രിക തള്ളുകയായിരുന്നു. നീലേഷിന്റെ അടുത്ത ബന്ധുക്കളാണ് പത്രികയില്‍ ഒപ്പു വച്ചിരുന്നത്. ഇവരും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 22-ന് ബിഎസ്പിയുടെ സ്ഥാനാര്‍ഥി ഉള്‍പ്പെടെ എട്ടു പേര്‍ പത്രിക പിന്‍വലിക്കുക കൂടി ചെയ്തതോടെ ബി.ജെ.പിയുടെ മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.