അഗ്‌നിപഥ് പ്രക്ഷോഭം: ബിഹാറില്‍ ഉപമുഖ്യമന്ത്രിയുടെയും ബി.ജെ.പി അധ്യക്ഷന്‍റെയും വീടുകള്‍ തകര്‍ത്തു
സൈനിക ജോലി ആഗ്രഹിക്കുന്ന ഒരാൾ പോലും അതിലില്ലായിരുന്നെന്നും വീട് തകർക്കാന്‍ ഉദ്ദേശിച്ച് മാത്രം വന്നവരാണെന്നും സഞ്ജയ് ജയ്സ്വാൾ
ബഗഹ:അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ ബിഹാറില്‍ ബിഹാർ ബി.ജെ.പി അധ്യക്ഷൻറെ വീടിന് നേരെ ആക്രമണം. ബിഹാർ ബി.ജെ.പി അധ്യക്ഷൻ ജയ്സ്വാളിന്റെ വീടാണ് പ്രതിഷേധക്കാർ തകർത്തത്. വെസ്റ്റ് ചമ്പാരൻ ജില്ലയിൽ വെള്ളിയാഴ്ച നടന്ന അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം നടത്തുന്നവർ തന്റെ വീടിന് നേരെ ആക്രമണം നടത്തിയെന്ന് സഞ്ജയ് ജയ്സ്വാൾ ആരോപിച്ചു .
വീട് ആക്രമിക്കാനെത്തിയ ജനക്കൂട്ടം സൈനിക ജോലി ആഗ്രഹിക്കുന്നവരല്ലെന്നും വീട് അഗ്‌നിക്കിരയാക്കാൻ ഉദ്ദേശിച്ച് മാത്രം വന്നവരാണെന്നും ജയ്സ്വാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ് എന്റെ വീട് ആക്രമിച്ചത്. സിലിണ്ടർ, പെട്രോൾ ബോംബുകൾ, മണ്ണെണ്ണ തുടങ്ങിയവയുമായാണ് ആക്രമികൾ എത്തിയത്. വീടിനു നേരെ കല്ലുകളെറിഞ്ഞു. ഡീസലൊഴിച്ച് വീട് കത്തിക്കാൻ ശ്രമിച്ചു. ഒരു സിലിണ്ടർ ബോംബ് ഉപേക്ഷിച്ചിട്ടാണ് പ്രതിഷേധക്കാർ മടങ്ങിയത്' അദ്ദേഹം ആരോപിച്ചു.
അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന അഭ്യൂഹങ്ങളാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'പൊലീസ് അടിയന്തര നടപടി സ്വീകരിച്ചിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നു. അക്രമികളെല്ലാം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്നും ജയ്‌സ്വാൾ പറഞ്ഞു.
ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും വീടും പ്രക്ഷോഭക്കാർ ആക്രമിച്ചു. കല്ലേറിൽ ബെട്ടിയയിലെ സുപ്രിയ റോഡിൽ രേണുദേവിയുടെ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ബഗാഹയിലും പ്രതിഷേധക്കാർ ബിജെപി ഓഫീസും തകർത്തു.
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം കഴിഞ്ഞ മൂന്ന് ദിവസമായി ഉത്തരേന്ത്യയിൽ അക്രമാസക്തമായി നിൽക്കുകയാണ്. യുവാക്കൾ തെരുവിലിറങ്ങി വ്യാപക അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ട്രെയിന് തീവെക്കുകയും ചെയ്തു.