'ആദ്യം അഹ്‌മദാബാദിന്റെ പേര് അദാനിബാദ് എന്നാക്കൂ'; ഹൈദരാബാദിന്റെ പേരുമാറ്റ വിവാദത്തില്‍ തെലങ്കാന മന്ത്രി കെ.ടി.ആർ

കഴിഞ്ഞ ദിവസം തെലങ്കാനയിൽ നടന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽ ഹൈദരാബാദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാഗ്യനഗർ എന്ന് വിളിച്ചതാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്

Update: 2022-07-04 12:13 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിന്റെ പേരുമാറ്റത്തെക്കുറിച്ചുള്ള ചർച്ചകളെ പരിഹസിച്ച് തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്) നേതാവും ഐ.ടി മന്ത്രിയുമായ കെ.ടി രാമറാവു(കെ.ടി.ആർ). എന്തുകൊണ്ട് അഹ്‌മദാബാദിന്റെ പേര് അദാനിബാദ് എന്ന് ആക്കുന്നില്ലെന്നായിരുന്നു കെ.ടി.ആറിന്റെ പരിഹാസം.

ബി.ജെ.പി നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ രഘുബർ ദാസിന്റെ ട്വീറ്റ് പങ്കുവച്ചായിരുന്നു കെ.ടി.ആറിന്റെ പ്രതികരണം. (തെലങ്കാനയിൽ) ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കുമെന്നായിരുന്നു വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ ട്വീറ്റിൽ രഘുബർ ദാസ് പറയുന്നത്. ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് കെ.ടി.ആർ ഇങ്ങനെ കുറിച്ചു: ''ആദ്യം എന്തുകൊണ്ട് അഹ്‌മദാബാദിന്റെ പേര് അദാനിബാദ് എന്നാക്കുന്നില്ല? ഏതാണീ ജുംലജീവി(വാഗ്ദാനങ്ങൾ നടത്തുന്നയാൾ)?''

കഴിഞ്ഞ ദിവസം തെലങ്കാനയിൽ നടന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽ ഹൈദരാബാദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചത് ഭാഗ്യനഗർ എന്നായിരുന്നു. ഇതിനു പിന്നാലെയാണ് ഹൈദരാബാദിന്റെ പേരുമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായത്. നഗരത്തിന്റെ പേരുമാറ്റാനുള്ള നീക്കത്തിലേക്കുള്ള സൂചനയാണിതെന്നാണ് ഉയരുന്ന നിരീക്ഷണം.

''ഹൈദരാബാദ് ഭാഗ്യനഗറാണ്. വലിയ പ്രാധാന്യമുണ്ട് ഈ പ്രദേശത്തിന്. സർദാർ വല്ലഭ്ഭായ് പട്ടേൽ ആണ് ഏകീകൃത ഇന്ത്യക്ക് അടിത്തറ പാകിയത്. വരും കാലങ്ങളിൽ അതിനെ കാത്തുസൂക്ഷിക്കേണ്ട ചുമതല ബി.ജെ.പിക്കാണ്'- പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

ഹൈദരാബാദിൻറെ പേര് ഭാഗ്യനഗർ എന്നാക്കുമോയെന്ന ചോദ്യത്തിന്, സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ, മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമായി ആലോചിച്ച് മുഖ്യമന്ത്രി ഇക്കാര്യം തീരുമാനിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ മറുപടി. ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കുമെന്ന് മുൻപ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിക്കുകയും ചെയ്തിരുന്നു.

ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം ഞങ്ങൾ ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ്‌രാജ് എന്നും പുനർനാമകരണം ചെയ്തു, എന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്തുകൂടാ എന്നായിരുന്നു യോഗിയുടെ ചോദ്യം.

Summary: "Why don't you change Ahmedabad's name to Adanibad first?", asks Telengana IT Minister KT Rama Rao hinting at changing the city's name from Hyderabad to Bhagyanagar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News