എ.ഐ.എ.ഡി.എം.കെ സഖ്യം ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി; എസ്.ഡി.പി.ഐക്കും പുതിയ തമിഴകത്തിനും ഓരോ സീറ്റ്
ദിണ്ടികൽ മണ്ഡലത്തിലാണ് എസ്.ഡി.പി.ഐ മത്സരിക്കുന്നത്.
ചെന്നൈ: തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. ദേശീയ മുർപോക്കു ദ്രാവിഡ് കഴകം (ഡി.എം.ഡി.കെ), പുതിയ തമിഴകം, എസ്.ഡി.പി.ഐ, പുരട്ച്ചി ഭാരതം, ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളാണ് സഖ്യത്തിലുള്ളത്.
ഇനിയും നിരവധി ചെറിയ പാർട്ടികൾ സഖ്യത്തിൽ ചേരുമെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. എസ്.സി സംവരണ മണ്ഡലമായ തെങ്കാശിയിലാണ് പുതിയ തമിഴകം മത്സരിക്കുക. ദിണ്ടികൽ മണ്ഡലത്തിലാണ് എസ്.ഡി.പി.ഐ മത്സരിക്കുന്നത്. ഡി.എം.ഡി.കെ എത്ര സീറ്റിൽ മത്സരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അഞ്ച് സീറ്റിൽ മത്സരിക്കുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പി.എം.കെ-ബി.ജെ.പി സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് എ.ഐ.എ.ഡി.എം.കെ സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുള്ള സംഘടനയാണ് എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം. ആരെങ്കിലും ഇങ്ങോട്ട് സഖ്യത്തിന് വന്നാണ് സന്തോഷമാണ്. അവർ വന്നില്ലെങ്കിലും തങ്ങൾക്ക് സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.