ഒന്നാം തിയ്യതി ശമ്പളം വന്നു; അമ്പരപ്പ് വിട്ടുമാറാതെ എയർ ഇന്ത്യ ജീവനക്കാർ

എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജീവനക്കാർക്ക് ഒന്നാം തിയ്യതി ശമ്പളം ലഭിക്കുന്നത്.

Update: 2021-10-05 09:54 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: 2017ന് ശേഷം മാസത്തിന്റെ ആദ്യദിവസം തന്നെ ശമ്പളം വന്നതിന്റെ അമ്പരപ്പിലാണ് എയർ ഇന്ത്യ ജീവനക്കാർ. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജീവനക്കാർക്ക് ഒന്നാം തിയ്യതി ശമ്പളം ലഭിക്കുന്നത്.

ഇതിനെ ടാറ്റ ഇഫ്ക്ട് എന്ന് വിളിച്ചോളൂ എന്നാണ് ഒരു ജീവനക്കാരൻ എകണോമിക് ടൈംസിനോട് പ്രതികരിച്ചത്. 'ഒന്നാം തിയ്യതി അടിസ്ഥാന ശമ്പളം കിട്ടി. എയർ ഇന്ത്യയിൽ ജോലിക്ക് ചേർന്ന ശേഷം ആദ്യമായാണ് ഒന്നാം തിയ്യതി ശമ്പളം കിട്ടുന്നത്' - ജീവനക്കാരൻ പറഞ്ഞു. ഏതാനും വർഷങ്ങളായി മാസത്തിന്റെ ഏഴാമത്തെയോ പത്താമത്തെയോ ദിവസത്തിലാണ് ജീവനക്കാർക്ക് ശമ്പളം കിട്ടാറുള്ളത്. അതേസമയം, ജീവനക്കാരുടെ ശമ്പളം തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയിൽ ഉള്ള വിഷയമാണ് എന്നും ആഭ്യന്തര വിഷയങ്ങളിൽ പ്രതികരിക്കാനില്ല എന്നുമാണ് വിമാനക്കമ്പനിയുടെ നിലപാട്.

എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിൽക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിനു പിന്നാലെ വിമാനക്കമ്പനിയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റ ഗ്രൂപ്പ് സമർപ്പിച്ചിരുന്നു. സ്‌പൈസ് ജെറ്റും താത്പര്യം അറിയിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യയുടെ ഹോം കമിങ്

എയർ ഇന്ത്യ ടാറ്റ സ്വന്തമാക്കിയാൽ 67 വർഷങ്ങൾക്കു ശേഷം വിമാന കമ്പനിയുടെ 'ഹോം കമിങ്' ആയിരിക്കും ഇത്. 1932ൽ ടാറ്റ എയർലൈൻസായി ആരംഭിച്ച കമ്പനി 1946ലാണ് എയർ ഇന്ത്യയായി പുനർനാമകരണം ചെയ്യപ്പെടുന്നത്. 1953ൽ വിമാനക്കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയായിരുന്നു. 1977 വരെ ജെ.ആർ.ഡി ടാറ്റ തന്നെയായിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ.

കടക്കെണിയിലായ എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2018 ൽ ആദ്യമായി എയർ ഇന്ത്യ വിൽക്കാൻ സർക്കാർ തീരുമാനിച്ചപ്പോഴും ടാറ്റ താൽപര്യം പ്രകടിപ്പിച്ചിരിന്നു. എന്നാൽ 76 ശതമാനം ഓഹരികൾ വിൽക്കാൻ ആണ് അന്ന് കേന്ദ്രം തീരുമാനിച്ചത്.

100 ശതമാനം ഓഹരികൾ വാങ്ങാതെ വിസ്താര - എയർ ഇന്ത്യ ലയനം സാധ്യമാകാത്തതിനാലാണ് അന്ന് ടാറ്റ പിൻവാങ്ങിയത്. ഇപ്പോൾ പൂർണ്ണമായും സ്വകാര്യവത്കരണത്തിലേക്ക് കടന്നതോടെയാണ് ടാറ്റ വീണ്ടും താത്പര്യം പ്രകടിപ്പിച്ചത്. രണ്ട് ടെണ്ടറുകളാണ് കേന്ദ്രസർക്കാരിന് മുന്നിൽ എത്തിയിരുന്നത്. ടാറ്റായും സ്പൈസ് ജെറ്റുമായിരുന്നു എയർ ഇന്ത്യ വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം രണ്ട് ടെണ്ടറുകളും ഓപ്പൺ ചെയ്തതായാണ് സൂചന. ടെണ്ടറിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ടാറ്റാ ഗ്രൂപ്പ് ആണെന്നാണ് റിപ്പോർട്ടുകൾ.

സർക്കാർ നിശ്ചയിച്ച അടിസ്ഥാനവിലയേക്കാൾ 3000 കോടി രൂപ അധികം ടാറ്റാ ടെണ്ടറിൽ വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. ഇക്കാര്യത്തിൽ അമിത് ഷാ അധ്യക്ഷനായ സമിതിയാണ് അന്തിമ തീരുമാനമെടുക്കുന്നത്. ടെണ്ടർ നടപടികൾ അംഗീകരിച്ചാൽ നാല് മാസത്തിനകം എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറും. എന്നാൽ വിമാനക്കമ്പനിയെ ടാറ്റയ്ക്ക് വിൽക്കുന്ന വാർത്തകൾ കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ല.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News